സൌദിയില്‍ സീസണ്‍ വീസകള്‍ക്കു പുതിയ നിയമാവലി
Thursday, September 3, 2015 2:07 AM IST
റിയാദ്: സൌദിയില്‍ താത്കാലിക വീസയും സീസണ്‍ വീസയും അനുവദിക്കാന്‍ പുതിയ നിയമാവലി നിലവില്‍ വന്നു. സീസണ്‍ വീസ ദുരുപയോഗപ്പെടുത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു തൊഴില്‍ മന്ത്രാലയത്തിന്റെ ശിപാര്‍ശയനുസരിച്ചു ശൂറ കൌണ്‍സില്‍ പുതിയ നിയമാവലിക്കു രൂപംനല്‍കിയത്. തൊഴില്‍ വിപണിയുടെ ആവശ്യം പരിഗണിച്ചു താത്കാലികമായി വിദേശികളെ റിക്രൂട്ട് ചെയ്യാനും ഹ്രസ്വകാല പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണു തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

പുതിയ നിയമാവലി പ്രകാരം ഹജ്ജ്, ഉംറ സീസണില്‍ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം ചെയ്യാന്‍ ആവശ്യമായ വീസകള്‍ സീസണ്‍ വീസ വിഭാഗത്തില്‍ ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പദ്ധതികള്‍ കരാറെടുക്കുന്ന കമ്പനികള്‍ക്കാണു താത്കാലിക വീസ പ്രയോജനപ്പെടുക. താത്കാലിക വീസ സ്ഥിരം വീസയിലേക്കു മാറ്റുന്നതു തടയുക എന്നതും പുതിയ നിയമാവലിയിലൂടെ ലക്ഷ്യമിടുന്നു.