മിസിസൌഗ കേരള അസോസിയേഷന്‍ ഓണാഘോഷം നടത്തി
Wednesday, September 2, 2015 3:36 AM IST
ടൊറേന്റോ: മാവേലിത്തമ്പുരാനൊപ്പം സെല്‍ഫി പുലികളിയും ചെണ്ടമേളവും മാവേലി എഴുന്നള്ളിപ്പും താലപ്പൊലിയും തിരുവാതിരകളിയുമെല്ലാമായി ഡോണ്‍ ബോസ്കോ സ്കൂളില്‍ മിനി കേരളമൊരുക്കിയ മിസിസൌഗ കേരള അസോസിയേഷന്‍ ഓണാഘോഷം നടത്തി.

അഞ്ഞൂറോളം വരുന്ന പങ്കാളികളായിരുന്നു അതിഥികള്‍ എന്നതും പ്രത്യേകതയായി. പിന്നണിക്കാരായി നിറഞ്ഞുനിന്ന സംഘാടകര്‍ വേദിയിലെത്തിയത് മാവേലിയെ എഴുന്നള്ളിക്കാനും സ്പോണ്‍സര്‍മാരെ ആദരിക്കാനും മാത്രം. ഓണസദ്യയ്ക്ക് ഇലയിട്ടതുമുതല്‍ ലൈവ് ബാന്‍ഡിന്റെ സംഗീതപരിപാടി കൊടിയിറങ്ങുംവരെ ആഘോഷത്തില്‍ നിറഞ്ഞത് കേരളത്തനിമയും പ്രൌഢമായ സദസും. കസവണിഞ്ഞു വീട്ടമ്മമാരും മുണ്ടുടുത്ത് കുടുംബനാഥന്മാരും ഓണാഘോഷത്തിന് നാടന്‍ഛായയേകി. ആഘോഷത്തിനെത്തിയവരെ വരവേറ്റത് പൂക്കളം. കേരളീയവേഷമണിഞ്ഞെത്തിയ കുട്ടികള്‍ മാവേലിത്തമ്പുരാനെ താലപ്പൊലിയും മുത്തുക്കുടയുമെല്ലാമായി വരവേറ്റു. രഞ്ജിത് വേണുഗോപാലാണ് മാവേലിയുടെ വേഷമണിഞ്ഞത്.

മഞ്ഞപ്ര രഘുവിന്റെ നേതൃത്വത്തിലുള്ള എന്‍എസ്എസ് കാനഡയാണ് ചെണ്ടമേളം ഒരുക്കിയത്. എസ്ജി എക്സ്പ്രഷന്‍സിലെ മേഴ്സി എലഞ്ഞിക്കല്‍, അഞ്ജിത രഘുറാം, ജ്യോതി നായര്‍, സിന്ധു മുന്‍ഷി, ഉര്‍മിളി പാല്‍, ടീന ബെലന്റ്, മരിയ ആന്റണി, ജൂലി റേ, വൃന്ദ കണ്ടന്‍ചാത്ത, സുജാത ഗണേഷ് എന്നിവരാണ് തിരുവാതിരയുടെ ആഹ്ളാദതിരയിലേക്ക് സദസിനെ കൂട്ടിക്കൊണ്ടുപോയത്. ജിസ ജേക്കബ്, നൃത്ത കലാകേന്ദ്ര ഡാന്‍സ് അക്കാദമിയിലെ റിയാന്‍ മുണ്ടാടന്‍, സ്നേഹ ജേക്കബ്, സംഗീത ഗണേഷ്, നൂപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിലെ മായ, മധുരിമ, നമ്രത, അല്‍ബീന, ദിവീന, ആഷിക, വേദ് സ്കൂള്‍ ഓഫ് ഡാന്‍സിലെ ജിഷ ഭക്തന്‍, അനുഷ ഭക്തന്‍, ആദിശങ്കര അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിലെ മഞ്ജുള ദാസ് പറക്കോട്ട് എന്നിവര്‍ വിവിധ നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. അലന്‍ മാത്യു, അഞ്ജലി ജോണ്‍, അലാന ജെറി എന്നിവര്‍ ഗാനങ്ങളും ആദി ശങ്കര്‍ കവിതയും ആലപിച്ചു.

അറുപതുകള്‍ മുതലുള്ള ഗാനങ്ങള്‍ കോര്‍ത്തിണക്കി വെങ്കി അയ്യര്‍, സ്വരൂപ് നായര്‍, ജെറാള്‍ഡി ജയിംസ്, നേത്ര ഉണ്ണി, ഹാന്‍സല്‍ പൊറത്തൂര്‍, എബിന്‍ വര്‍ഗീസ്, ബോസ്കോ കളത്തിപ്പറമ്പില്‍ എന്നിവരാണ് ലൈവ് ബാന്‍ഡിന് ജീവന്‍പകര്‍ന്നത്. ഗ്രേറ്റര്‍ ടൊറേന്റോയിലെ അറിയപ്പെടുന്ന ഗായകരും സംഗീതജ്ഞരും നേതൃത്വം നല്‍കിയ സംഗീതസദസിലെ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ പഴയതലമുറയെയും പുതുതലമുറയെയും ഒരുപോലെ ആസ്വാദനത്തിന്റെ പുതിയതലങ്ങളിലെത്തിച്ചു.

ഗ്രാന്‍ഡ് സ്പോണ്‍സര്‍മാരായ ടിഡി ട്രസ്റ് കാനഡയ്ക്കുവേണ്ടി ജയ ജേക്കബ് പ്രസിഡന്റ് പ്രസാദ് നായരില്‍നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ഗോള്‍ഡ് സ്പോണ്‍സര്‍മാരായ ഡാന്‍ ജോര്‍ജ്, മനോജ് കരാത്ത, ലതാ മേനോന്‍, ഇന്ദു മണിയപ്പന്‍ എന്നിവര്‍ക്കും ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്സിറ്റിക്കും ഉപഹാരം നല്‍കി. ജോര്‍ജ് വര്‍ഗീസ്, വിവേക് ഭട്ട്, പ്രദീപ് മേനോന്‍, മാവേലി കേറ്ററേഴ്ല്‍, അലക്സ് അലക്സാണ്ടര്‍, ചക്രയോഗ് കാനഡ, ബ്രിസ്റര്‍ ഡെന്റല്‍ ക്ളിനിക്, കിംഗ്സ്ബ്രിഡ്ജ് ഫിസിയോതെറപ്പി സെന്റര്‍, ജെസി ലോ പ്രഫഷണല്‍ കോര്‍പ്പറേഷന്‍ എന്നിവരായിരുന്നു സില്‍വര്‍ സ്പോണ്‍സര്‍മാര്‍.

പ്രശാന്ത് പൈ ആയിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍. ജിമ്മി വര്‍ഗീസും ദിവ്യ ദിവാകരനുമായിരുന്നു അവതാരകര്‍.

പ്രസിഡന്റ് പ്രസാദ് നായര്‍, വൈസ് പ്രസിഡന്റ് മേജോ സാം വര്‍ഗീസ്, സെക്രട്ടറി മഞ്ജുള ദാസ്, ജോയിന്റ് സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, ട്രഷറര്‍ തോമസ് ചാക്കോ, കമ്മിറ്റി അംഗങ്ങളായ സെബാസ്റ്യന്‍ വാലംപറമ്പില്‍, ജോളി ജോസഫ്, ജോണ്‍ തച്ചില്‍, ജെറി ഈപ്പന്‍, അശോക് പിള്ള, നിഷാ ഭക്തന്‍, മെല്‍വിന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്