മാഞ്ചസ്റര്‍ സെന്റ് മേരീസ് ക്നാനായ ചാപ്ളെയിന്‍സിയുടെ സമ്മര്‍ ഫെസ്റ് പ്രൌഡോജ്വലമായി
Wednesday, September 2, 2015 3:36 AM IST
മാഞ്ചസ്റര്‍: ഷ്രൂഷ്ബറി രൂപത സെന്റ് മേരീസ് ക്നാനായ ചാപ്ളെയിന്‍സിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മര്‍ ഫെസ്റ് പ്രൌഡോജ്ജ്വലമായി. തിങ്കളാഴ്ച രാവിലെ 10 മുതല്‍ വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്കൂള്‍ ഗ്രൌണ്ടിലായിരുന്നു പരിപാടികള്‍. തട്ടുകടകളും, മത്സരങ്ങളും ബര്‍ബിക്യു പാര്‍ട്ടിയും എല്ലാം ചേര്‍ന്നതായിരുന്നു സമ്മര്‍ ഫെസ്റ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഫണ്‍ഗെയിമുകളും കായിക മത്സരങ്ങളും നടന്നു. ഇടവക കോഓര്‍ഡിനേറ്റേഴ്സിന്റെയും ഏരിയ കോഓര്‍ഡിനേറ്റേഴ്സിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.

യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലില്‍, ലിവര്‍ പൂള്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് സോജന്‍ തോമസ്, പൂള്‍, ബോണ്‍ മൌത്ത് ക്നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് റോയി എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

കുടുംബങ്ങള്‍ തമ്മിലുള്ള സ്നേഹവും കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുന്ന മികച്ച വേദിയായി മാറി പരിപാടികള്‍. ട്രസ്റിമാരായ റെജി മഠത്തിലാട്ട്, കെ.കെ. ഉതുപ്പ്, മാര്‍ട്ടിന്‍ മലയില്‍, എംകെസിഎച്ച് പ്രസിഡന്റ് സിറിയക് ജെയിംസ് എന്നിവരും ഏരിയ കോഓര്‍ഡിനേറ്റേഴ്സും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്നേഹത്തിലും ഒരുമയിലും ഈ കൂട്ടായ്മ വളര്‍ന്ന് സമൂഹത്തിന് മാതൃകയാകട്ടെയെന്ന് പരിപാടിയില്‍ ആമുഖ പ്രസംഗം നടത്തിയ ക്നാനായ ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര ആശംസിച്ചു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുടംബങ്ങള്‍ക്കും ചാപ്ളെയിന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍