മത്സ്യ മാര്‍ക്കറ്റ് ബഹിഷ്കരണം: മീന്‍ വില കുതിക്കുന്നു
Wednesday, September 2, 2015 3:34 AM IST
കുവൈത്ത് : രണ്ടാഴ്ച മുമ്പ് മത്സ്യവില വര്‍ധനയില്‍ പ്രതിഷേധിച്ച് കുവൈത്തില്‍ നടത്തുന്ന മത്സ്യ മാര്‍ക്കറ്റ് ബഹിഷ്കരണം തുടരവേ മീന്‍ വില കുതിക്കുന്നു. അനിയന്ത്രിതമായ മത്സ്യവിലയെ തുടര്‍ന്ന് സ്വദേശികളായ ഒരു പറ്റം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി നടത്തിയ കാമ്പയിനിലൂടെ ബഹിഷ്കരണത്തിന് ആഹ്വാനം നല്‍കുകയായിരുന്നു. കാമ്പയിനെ തുടര്‍ന്ന് മത്സ്യ വില താഴ്ന്നെങ്കിലും അടുത്ത ദിവസങ്ങളില്‍ മീനിന് വീണ്ടും വില കൂടുകയായിരുന്നു.

ആവോലിക്ക് 15 ദിനാറില്‍ നിന്നും 8 ദിനാറായി കുറഞ്ഞെങ്കിലും വീണ്ടും 12 ദിനാറായി ഉയര്‍ന്നിരിക്കുകയാണ്. ഹമൂറിനും ബാലൂണിനും തീപൊള്ളുന്ന വിലയാണ് മാര്‍ക്കറ്റിലിപ്പോള്‍. മത്സ്യവില ജനങ്ങള്‍ക്ക് താങ്ങാനാവാത്ത നിലയില്‍ എത്തിയതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് വിജനമായതായി കച്ചവടക്കാര്‍ പറഞ്ഞു. മത്സ്യത്തിന്റെ ലഭ്യത കുറയുകയും ആവശ്യക്കാര്‍ ഏറിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രമാനുഗതമായി മത്സ്യബന്ധന ബോട്ടുകളുടെ എണ്ണത്തില്‍ ഉണ്ടായ കുറവും മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുത്തിയ ശക്തമായ നിയന്ത്രണവും വില വര്‍ധനക്ക് കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നു.

അതിനിടെ വില വര്‍ധനയെ തുടര്‍ന്നുണ്ടായ ബഹിഷ്കരണത്തിന് വ്യാപകമായ പിന്തുണയാണ് രാജ്യത്തിനകത്തുനിന്നും ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി കാബിനറ്റ് കാര്യ മന്ത്രി ഷേയ്ഖ് മുഹമ്മദ് അബ്ദുള്ള അല്‍ മുബാറക് സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയത് ഇതിനുദാഹരണമാണ്. രാജ്യത്തെ നിയമങ്ങള്‍ ഇത്തരം സമര രീതികള്‍ കൈക്കൊള്ളുവാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്യ്രം നല്‍കുന്നുണ്െടന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുവാനും വില നിയന്ത്രണം കൊണ്ടുവരുവാനും നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍