അഴിമതി നിരോധന നിയമം ജഡ്ജിമാര്‍ക്കും ബാധകം: ഹൈക്കോടതി
Tuesday, September 1, 2015 5:55 AM IST
ബംഗളൂരു: രാജ്യത്തെ അഴിമതി നിരോധന നിയമങ്ങള്‍ ജഡ്ജിമാര്‍ക്കും ബാധകമാണെന്ന് കര്‍ണാടക ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരം ജഡ്ജിമാര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാമെന്നും ഹൈക്കോടതി ജസ്റ്റീസ് എ.വി. ചന്ദ്രശേഖര്‍ നിര്‍ദേശിച്ചു. ജില്ലാ, സെഷന്‍സ്, സിവില്‍ ജഡ്ജിമാരും മുന്‍സിഫ് മജിസ്ട്രേറ്റുമാരും ഇതിന്റെ പരിധിയില്‍ വരും. അഴിമതിക്കേസില്‍ സസ്പെന്‍ഷനിലായ ബിദാര്‍ ജില്ലയിലെ ബസവ കല്യാണ്‍ കോടതിയിലെ സീനിയര്‍ സിവില്‍ ജഡ്ജി ശരണപ്പ സജ്ജന്റെ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്.

വിധി അനുകൂലമാക്കാന്‍ ശരണപ്പ സജ്ജന്‍ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് അഭിഭാഷകനായ കീര്‍ത്തിരാജ് ബിദാറിലെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്കും ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്കും നേരത്തെ പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിജിലന്‍സ് സെല്‍ നടത്തിയ 'പഞ്ചനാമ' ഓപ്പറേഷനിലാണ് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ശരണപ്പ സജ്ജന്‍ പിടിയിലായത്. ജില്ലാ ജഡ്ജിയുടെ നിര്‍ദേശപ്രകാരം ശരണപ്പയ്ക്കെതിരേ ബസവ കല്യാണ്‍ പോലീസ് കേസെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജുഡീഷല്‍ ഓഫീസര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തത്.