ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക സേവനപാതയില്‍ ഒരുപടി മുന്നില്‍
Monday, August 31, 2015 6:17 AM IST
ഹൂസ്റണ്‍: സേവനം മുഖമുദ്രയാക്കി പ്രവര്‍ത്തനപന്ഥാവില്‍ പ്രയാണം ചെയ്യുന്ന ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വീണ്ടും മാതൃകാപരമായ ചുവടുവയ്പ്.

ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സെക്കന്‍ഡ് മൈലിന്റെ സഹകരണത്തോടെ അശരണര്‍ക്കായുള്ള സൌജന്യ ഭക്ഷണ വിതരണത്തിനു ഇടവക നേതൃത്വം നല്‍കിയത് ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു സാന്ത്വനമായി മാറി.

ഓഗസ്റ് 29നു (ശനി) നടന്ന ചടങ്ങില്‍ നിര്‍ധനരായ 75ഓളം കുടുംബങ്ങള്‍ക്ക് 15000 പൌണ്ട് പഴ വര്‍ഗങ്ങളും ഫ്രഷ് പച്ചക്കറികളും വിതരണം ചെയ്തു. ഹൂസ്റണ്‍ ഫുഡ് ബാങ്ക് ആണ് ക്രമീകരണങ്ങള്‍ ചെയ്തത്. ഇടവക അസോസിയേറ്റ് വികാരി ജോണ്‍സന്‍ ഉണ്ണിത്താന്‍ പ്രാരംഭ പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഹ്രസ്വസന്ദേശം നല്‍കുകയും ചെയ്തു. ഇടവകയില്‍നിന്നും 50ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണസാധനങ്ങളുടെ വിതരണത്തിനു നേതൃത്വം നല്‍കി.

ആരോഗ്യപരിപാലനത്തിനു ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും അനി ജോജി സംസാരിച്ചു. ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക സെക്രട്ടറി ഫിജി ജോര്‍ജ് എന്നിവര്‍ നന്ദി പറഞ്ഞു.

ഭദ്രാസന മീഡിയ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണ്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം