അഭയാര്‍ഥി പ്രക്ഷോഭത്തിന് ജര്‍മന്‍ കോടതിയുടെ അനുമതി
Saturday, August 29, 2015 9:06 AM IST
ഡ്രെസ്ഡെന്‍: അഭയാര്‍ഥികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ഡ്രെസ്ഡെനില്‍ നടത്താനിരിക്കുന്ന പ്രക്ഷോഭവുമായി മുന്നോട്ടു പോകാമെന്ന് കോടതി വിധി. അഭയാര്‍ഥികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ തീവ്ര വലതുപക്ഷക്കാരോട് പ്രതിഷേധിക്കാനാണ് പ്രക്ഷോഭം ആസൂത്രണം ചെയ്തിരിക്കുന്നത്.

ആവശ്യത്തിനു പോലീസ് സേനാംഗങ്ങളില്ലാത്തതിനാല്‍ അഭയാര്‍ഥി പ്രക്ഷോഭത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് പ്രാദേശിക അധികൃതര്‍ നേരത്തെ നിലപാടെടുത്തിരുന്നത്. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, പൊതു സുരക്ഷ ഉറപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന അധികൃതരുടെ വാദം കോടതി തള്ളി.

കഴിഞ്ഞ വാരാന്ത്യത്തില്‍ ഇത്തരമൊരു പ്രക്ഷോഭം നടത്തിയത് അഭയാര്‍ഥികളും തീവ്ര വലതുപക്ഷക്കാരും തമ്മില്‍ കടുത്ത സംഘര്‍ഷത്തിനുകാരണമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍