ലാന ദേശീയ സമ്മേളനത്തിലെ 'കാവ്യ സന്ധ്യ' ശ്രദ്ധേയമാകും
Saturday, August 29, 2015 9:00 AM IST
ഡാളസ്: ലാനയുടെ പത്താമത് ദേശീയ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 30, 31 നവംബര്‍ ഒന്ന് തീയതികളില്‍ ഡാളസില്‍ നടക്കും. സമ്മേളനത്തിന്റെ ആദ്യ ദിനമായ 30നു (വെള്ളി) ഉദ്ഘാടന സമ്മേളനത്തിനുശേഷം നടക്കുന്ന കാവ്യസന്ധ്യ, ലാന സമ്മേളനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയായിരിക്കുമെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.

കാവ്യ സന്ധ്യയുടെ ചുമതല വഹിക്കുന്നത് അറിയപ്പെടുന്ന കവിയും സാഹിത്യകാരനുമായ ജോസഫ് നമ്പിമഠം ആണ്. കാവ്യ സന്ധ്യയുടെ തീം 'മലയാള കവിത കാലഘട്ടങ്ങളിലൂടെ' എന്നതായിരിക്കും. മലയാള കവിതയുടെ പരിണാമം സൂചിപ്പിക്കുന്ന കവിതകള്‍ അവതരിപ്പിക്കാനുള്ള അസുലഭാവസരമായി പരിപാടിയെ കാണാവുന്നതാണ്. മലയാള കവിതയുടെ ഉത്ഭവം മുതല്‍ ഏറ്റവും നവീനമായ കവിത വരെയുള്ള ഏതു കവിതയും അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

കവിതകള്‍ സ്വന്ത രചനകളോ മറ്റു കവികളുടെ കവിതകളോ ആകാം. സമയ പരിമിതി ഉള്ളതുകൊണ്ട് ഒരാള്‍ക്ക് അഞ്ചു മിനിറ്റു വരെ സമയം അനുവദിക്കും. പങ്കെടുക്കുന്നവരുടെ എണ്ണമനുസരിച്ച് സമയ ക്രമത്തില്‍ മാറ്റം വന്നേക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അക്കാര്യം കഴിവതും വേഗം അവതരിപ്പിക്കുന്ന കവിത, കവി എന്നിവയെപ്പറ്റിയുള്ള ഒരു ലഘു വിവരണ സഹിതം ബന്ധപ്പെട്ടവരെ അറിയിക്കുക.

മലയാള കവിത അവതരിപ്പിക്കാന്‍ കഴിവുള്ള കുട്ടികളെയും കാവ്യ സന്ധ്യയിലേയ്ക്ക് സ്വാഗതം ചെയ്തു. പരിപാടിയുമായി എല്ലാവരും സഹകരിക്കണമെന്ന് കാവ്യ സന്ധ്യയുടെ ചുമതലക്കാരനായ ജോസഫ് നമ്പിമഠം അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ജോസ് ഓച്ചാലില്‍ 469 363 5642, ഏബ്രഹാം തെക്കേമുറി 469 222 5521, ജോസഫ് നമ്പിമഠം 214 564 9371

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍