ഹുറൂബില്‍ കുടുങ്ങിയ മലയാളിക്കു കേളി തുണയായി
Thursday, August 27, 2015 8:57 AM IST
റിയാദ്: തൊഴിലുടമ ഹുറൂബാക്കിയതിനെത്തുടര്‍ന്ന് നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിച്ച മലയാളിക്ക് കേളി തുണയായി. മലപ്പുറം വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി മുരളീകൃഷ്ണനാണു തൊഴിലുടമ ഹുറൂബാക്കിയതിനെത്തുടര്‍ന്ന് നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമത്തിലായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഹൌസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മുരളീകൃഷ്ണന്‍. 

ഹുറൂബ് നീക്കി എക്സിറ്റ് അടിച്ചു നല്‍കണമെന്നു സ്പോണ്‍സറോട് ആവശ്യപ്പെട്ടെങ്കിലും സ്പോണ്‍സര്‍ തയാറായില്ല. തുടര്‍ന്നു നാട്ടിലേക്കുതിരിച്ചുപോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് മുരളീകൃഷ്ണന്‍ കേളി ഷുമേസി യൂണിറ്റ് ജീവകാരുണ്യപ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. കേളി ജീവകാരുണ്യവിഭാഗം ചെയര്‍മാന്‍ അനില്‍ അറയ്ക്കലിന്റെ നേതൃത്വത്തില്‍ ഷുമേസി യുണിറ്റ് പ്രവര്‍ത്തകര്‍ സ്പോണ്‍സറുമായി നിരന്തരം ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയും ഒടുവില്‍ ഹുറൂബ് നീക്കാമെന്നു സ്പോണ്‍സര്‍ സമ്മതിക്കുകയുമായിരുന്നു. മുരളീകൃഷ്ണന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കേളി ഷുമേസി യൂണിറ്റിന്റെ നേതൃത്വത്തില്‍ സമാഹരിച്ചു നല്‍കി. നാട്ടിലേക്ക് തിരിച്ചുപോകാന്‍ തനിക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയ കേളി ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞ് മുരളീകൃഷ്ണന്‍ നാട്ടിലേക്കു തിരിച്ചുപോയി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍