അറബിക് സര്‍വകലാശാല: യുഡിഎഫ് വാഗ്ദാനം നിറവേറ്റണം: എസ്വൈഎസ്
Wednesday, August 26, 2015 6:04 AM IST
റിയാദ്: അറബിക് സര്‍വകലാശാല സ്ഥാപിക്കുമെന്ന തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനം യുഡിഎഫ് പാലിക്കണമെന്നും ക്രിസ്ത്യന്‍ വര്‍ഗീയതയ്ക്ക് സര്‍ക്കാര്‍ വഴങ്ങരുതെന്നും എസ്വൈഎസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രധാന ഭാഷയും 35 രാജ്യങ്ങളിലെ രാഷ്ട്രഭാഷയും കോടിക്കണക്കിനു ജനങ്ങളുടെ സംസാര ഭാഷയുമാണ് അറബി. ലക്ഷക്കണക്കിനു മലയാളികളുടെ ഉപജീവന മാര്‍ഗം അറബി ഭാഷയും അറബി രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അറബി ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉയര്‍ന്ന ജോലി സാധ്യതയാണുള്ളത്. ഇതൊന്നും പരിഗണിക്കാതെ അറബി ഭാഷയെ ഒരു മതവുമായി ബന്ധപ്പെടുത്തി വര്‍ഗീയവത്കരിക്കുന്നതു മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി തടയാനുള്ള കുത്സിത നീക്കമാണ്. വേദഭാഷ എന്നതിലുപരി ഒരാള്‍പോലും സംസാരിക്കാത്ത സംസ്കൃതത്തിനു യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോള്‍ ഉണ്ടാകാത്ത എന്തു മതവിദ്വേഷമാണ് അറബിക് യൂണിവേഴ്സിറ്റി അനുവദിച്ചാല്‍ ഉണ്ടാകുന്നതെന്നു വിമര്‍ശകര്‍ വ്യക്തമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് അബൂബക്കര്‍ ഫൈസി വെള്ളില അധ്യക്ഷത വഹിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സൈതലവി ഫൈസി പനങ്ങാങ്ങര, ബഷീര്‍ ഫൈസി ചരക്കാപറമ്പ്, കെ.കോയാമു ഹാജി, മൊയ്തീന്‍ കുട്ടി തെന്നല, സൂബൈര്‍ ഹുദവി വെളിമുക്ക്, ഷിഹാബ് വേങ്ങൂര്‍, മുഹമ്മദലി ഫൈസി മണ്ണാറമ്പ്, സലാം പറവണ്ണ, മജീദ് പത്തപ്പിരിയം, അഷ്റഫ് കല്‍പ്പകഞ്ചേരി, ബക്കര്‍ ചെറുകര, ബഷീര്‍ പറമ്പില്‍, അഷ്റഫ് വെമ്പാല എന്നിവര്‍ സംബന്ധിച്ചു. ആക്ടിംഗ് സെക്രട്ടറി അലി തെയ്യാല സ്വാഗതവും കുഞ്ഞിപ്പ തവനൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍