വെല്‍ഡിംഗ് വീസയിലെത്തി ക്ളീനിംഗ് ജോലി ചെയ്യേണ്ടിവന്ന രണ്ടു മലയാളികള്‍ നാട്ടിലേക്കു മടങ്ങി
Wednesday, August 26, 2015 6:03 AM IST
റിയാദ്: വെല്‍ഡിംഗ് വീസയിലെത്തി ക്ളീനിംഗ് ജോലി ചെയ്യേണ്ടിവന്ന രണ്ടു മലയാളികള്‍ക്ക് എംബസിയുടെയും കേളിയുടെയും സഹായത്താല്‍ നാട്ടിലേക്കു മടങ്ങി.

മൂന്നു മാസം മുമ്പാണു തൃശൂര്‍ സ്വദേശികളായ മനോജ്, സുബിന്‍ പൌലോസ് എന്നിവര്‍ വെല്‍ഡിംഗ് ജോലിക്കായി റിയാദിലെത്തിയത്. 45,000 രൂപ വീതം നല്‍കി തൃശൂരിലുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍നിന്നാണു വീസ ലഭിച്ചത്. ബില്‍ഡിംഗ് കോണ്‍ട്രാക്ടിംഗ് കമ്പനിയിലെത്തിയ തൊഴിലാളികള്‍ക്കു നാട്ടില്‍ വച്ച് വീസ നല്‍കിയപ്പോള്‍ പറഞ്ഞ വെല്‍ഡിംഗ് ജോലി നല്‍കിയില്ല. മുമ്പ് അഞ്ചു വര്‍ഷത്തോളം ജുബൈലില്‍ ജോലി ചെയ്ത് പരിചയമുള്ള തൊഴിലാളികള്‍, കമ്പനിയില്‍ തങ്ങള്‍ക്കു നാട്ടില്‍വച്ചു പറഞ്ഞ ജോലിയില്ലെങ്കില്‍ തങ്ങളെ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളികളെ കൊണ്ടുവരുന്നതിന് എല്ലാ ചെലവുകളും വഹിച്ച കമ്പനി തൊഴിലാളികളെ മറ്റു ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഒരു മാസത്തോളം ക്ളീനിംഗ് ജോലികള്‍ ഉള്‍പ്പെടെ പല ജോലികള്‍ ചെയ്തെങ്കിലും ശമ്പളം നല്‍കാനോ വെല്‍ഡിംഗ് ജോലി നല്‍കാനോ കമ്പനി തയാറായില്ല. തുടര്‍ന്നു തൊഴിലാളികള്‍ കേളിയുമായി ബന്ധപ്പെടുകയും കേളി മുഖേന എംബസിയില്‍ വിവരം അറിയിക്കുകയുമായിരുന്നു. എംബസി ഉദ്യോഗസ്ഥനായ രാജേന്ദ്രന്റെ ഇടപെടല്‍ മൂലം കേളി ജീവകാരുണ്യവിഭാഗം ജോ: കണ്‍വീനര്‍ കിഷോര്‍ നിസാം, കേളി ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ കമ്പനി അധികൃതരുമായി സംസാരിക്കുകയും തുടര്‍ന്നു തൊഴിലാളികള്‍ക്ക് എക്സിറ്റ് നല്‍കാമെന്നു കമ്പനി സമ്മതിക്കുകയുമായിരുന്നു.

തൊഴിലാളികളെ കൊണ്ടുവരുന്നതിനാവശ്യമായ എല്ലാ ചെലവുകളും നാട്ടിലെ ട്രാവല്‍ ഏജന്‍സിക്കു കമ്പനി നല്‍കിയിട്ടുണ്െടന്നും ആ ഇനത്തില്‍ ഏകദേശം 5300 റിയാല്‍ കമ്പനിക്കു ചെലവായിട്ടുണ്െടന്നും അതിനാല്‍ തന്നെ തൊഴിലാളികള്‍ക്ക് അവര്‍ ജോലി ചെയ്ത ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു കമ്പനിയുടെ നിലപാട്. കൂടുതല്‍ നിയമക്കുരുകളിലേക്കു പോയാല്‍ നാട്ടിലേക്കു തിരിച്ചുപോകാന്‍ വീണ്ടും താമസം നേരിടുമെന്നതിനാല്‍ തൊഴിലാളികള്‍ കമ്പനിയുടെ നിലപാട് അംഗീകരിക്കുകയായിരുന്നു. കേളി ജീവകാണ്യ വിഭാഗം ജോ. കണ്‍വീനര്‍ കിഷോര്‍ നിസാം, കേളി ന്യൂസനയ്യ ഗാസ്ബക്കാല യൂണിറ്റ് പ്രവര്‍ത്തകന്‍ മഹേഷ് കൊടിയത്ത്, മനോജിന്റെ ജിദ്ദയിലുള്ള സുഹൃത്തുക്കള്‍ എന്നിവരുടെ സഹായത്താലായിരുന്നു മൂന്നു മാസം ജോലിയും ശമ്പളവുമില്ലാതെ റിയാദില്‍ കഴിഞ്ഞത്. തങ്ങളെ സഹായിച്ച കേളി പ്രവര്‍ത്തകര്‍ക്കും എംബസി ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞ് തിങ്കളാഴ്ചത്തെ എയര്‍ ലങ്ക വിമാനത്തില്‍ രണ്ടുപേരും നാട്ടിലേക്കു മടങ്ങി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍