കുവൈത്തില്‍ ബോട്ടുമുങ്ങി; മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു
Tuesday, August 25, 2015 7:56 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ സുബിയയില്‍ ബോട്ടു മുങ്ങി മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ മന്ദംകാവ് പുതുക്കോട്ട് കണ്ടി താഴെ സലിം (38), സ്പോണ്‍സറായ കുവൈത്ത് പൌരനുമാണു മരിച്ചത്. കൂടെയുണ്ടായിരുന്ന കൊല്ലം പയ്യാമ്പലം സ്വദേശി റിയാസും ബംഗ്ളാദേശ് പൌരനും അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30നാണു നാലു പേര്‍ സഞ്ചരിച്ച ബോട്ട് സുബിയ പാലത്തിനു സമീപം ഒഴുക്കില്‍പ്പെട്ടു മറിഞ്ഞത്. സലിമും സ്പോണ്‍സറും ബോട്ടിനടിയില്‍പ്പെട്ടതുകാരണം മുങ്ങിപ്പോവുകയായിരുന്നു. റിയാസും ബംഗ്ളാദേശ് സ്വദേശിയും മറിഞ്ഞ ബോട്ടിനു പുറത്തു കയറിയാണു രക്ഷപ്പെട്ടത്. പുറം കടലിലെത്തിയ ഇവരെ വൈകുന്നേരം നാലിനാണു ഹെലികോപ്റ്ററിലാണു രക്ഷപ്പെടുത്തിയത്. മരിച്ച സലിം അഞ്ചുമാസം മുമ്പാണു കുവൈത്തിലെത്തിയത്. മന്ദംകാവ് പുതുക്കോട്ട് കണ്ടിതാഴെ ഇമ്പിച്ചി അലിയാണു പിതാവ്. മാതാവ് ആയിഷ. ബുഷ്റയാണു ഭാര്യ. രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍