ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം ഹാര്‍വെസ്റ് ഫെസ്റിവല്‍ ആഘോഷിച്ചു
Monday, August 24, 2015 6:50 AM IST
ഷിക്കാഗോ: കേരളത്തിലെ കൊയ്ത്തുത്സവത്തിന്റെ ഓര്‍മകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം ഈ വര്‍ഷത്തെ ഹാര്‍വെസ്റ് ഫെസ്റിവല്‍ ആഘോഷിച്ചു.

കേരളത്തില്‍നിന്നെത്തിച്ച വിവിധ തുണിത്തരങ്ങളുടെ വിപണനം, നാടന്‍ ഭക്ഷണങ്ങളുടെ വിവിധ സ്റാളുകള്‍, സന്ധ്യയെ നിറച്ചാര്‍ത്തണിയിച്ചുകൊണ്ട് നടന്ന വിവിധ കലാപരിപാടികള്‍, വിവിധതരം പച്ചക്കറികളുടെയും ഫലങ്ങളുടെയും ലേലം തുടങ്ങി തനി നാടന്‍ രീതിയില്‍ നടന്ന ഹാര്‍വെസ്റ് ഫെസ്റിവല്‍ ഏവരിലും ആഹ്ളാദം ഉളവാക്കി.

ഓഗസ്റ് 22നു (ശനി) വൈകുന്നേരം 4.30ന് ആരംഭിച്ച വിപണനമേളയുടെ ഉദ്ഘാടനത്തോടെ ഹാര്‍വെസ്റ് ഫെസ്റിവലിന് ആരംഭമായി. ആദ്യ വിപണനം ഷിക്കാഗോ മാര്‍ത്തോമ ഇടവക വികാരിയില്‍നിന്നും റവ. ഏബ്രഹാം സ്കറിയ, മറിയാമ്മ പിള്ള, സാറാ ജോര്‍ജ് എന്നിവര്‍ ഏറ്റുവാങ്ങി. തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ ഇടവക വികാരി റവ. ഡോ. കെ. ശാലോമോന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. യുവജന സഖ്യം, ഇടവക കമ്മിറ്റി അംഗങ്ങള്‍, റവ. സോനു വര്‍ഗീസ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഇതില്‍നിന്നു ലഭിക്കുന്ന വരുമാനം കേരളത്തിലെ ഭവനരഹിതര്‍ക്ക് ഭവനം നിര്‍മിക്കാന്‍ ഉപയോഗിക്കും. റവ. ബൈജു മാര്‍ക്കോസ്, റവ. ബാബു മഠത്തിപറമ്പില്‍ എന്നിവര്‍ ഫൈസ്റിവലില്‍ പങ്കെടുത്തു. യുവജനസഖ്യം സെക്രട്ടറി പ്രമി തോമസ് ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഹാര്‍വെസ്റ് ഫെസ്റിവല്‍ കണ്‍വീനര്‍ ഷിജി അലക്സ് നന്ദി പറയുകയും ചെയ്തു. ജോമി റോഷന്‍, ലിന്‍സി മാത്യു എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം