മുപ്പത്തഞ്ചു വര്‍ഷത്തെ സേവനപാരമ്പര്യവുമായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍
Friday, August 21, 2015 8:15 AM IST
ഡിട്രോയിറ്റ്: മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ (ഡിഎംഎ) മിഷിഗണിലെ മലയാളികളുടെ സേവനത്തില്‍ 35 വര്‍ഷങ്ങള്‍ പിന്നിടുന്നു.

ഇതിന്റെ ഭാഗമായി ഓഗസ്റ് 22നു (ശനി) മിഷിഗണിലെ ലാംഫയര്‍ സ്കൂളില്‍ നടക്കുന്ന ഓണാഘോഷത്തില്‍ വച്ച് മുന്‍കാല പ്രസിഡന്റുമാരെ ആദരിക്കുന്നു.

തോമസ് കര്‍ത്തനാള്‍, എന്‍.ജി. മാത്യു, മാത്യൂസ് ചെരുവില്‍, ഒ.സി. കോശി തുടങ്ങിയവര്‍ എളിയ രീതിയില്‍നിന്നു തുടങ്ങിയ ഡിഎംഎ, ഇന്നു വളര്‍ന്നു പടര്‍ന്നു പന്തലിച്ച ഒരു വട വൃക്ഷം പോലെയായാണ്. നാട്ടിലും അമേരിക്കയിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ ഡിഎംഎ, 35-ാമത് വാര്‍ഷികത്തിന്റെ ഓര്‍മക്കായി ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി എന്ന ഒരു ചാരിറ്റി പ്രവര്‍ത്തനവുമായി ചേര്‍ന്നു സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കു വീടുകള്‍ നിര്‍മിച്ചു നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

നാട്ടില്‍ ഓണകിറ്റുകള്‍, ജനസേവ പോലെയുള്ള സംഘടനകള്‍ക്കു സാമ്പത്തിക സഹായം, മിഷിഗണില്‍ സൂപ്പ് കിച്ചന്‍, മീല്‍സ് ഓണ്‍ വീല്‍സ്, അഡോപ്റ്റ് എ റോഡ് തുടങ്ങി വിവിധങ്ങളായ ജനസേവ പ്രവര്‍ത്തനങ്ങള്‍ നാട്ടിലെന്ന പോലെ അമേരിക്കയിലും നടത്തി വരുന്നു. മലയാള ഭാഷാ പഠന ക്ളാസുകളും യുവജനോത്സവങ്ങളും അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറയ്ക്ക് കേരളീയ സംസ്കാരം പകര്‍ന്നു നല്‍കാനുള്ള ഡിഎംഎയുടെ ശ്രമങ്ങള്‍ക്ക് ഉദാഹരണമാണ്. മലയാള സിനിമയുടെ നിത്യവസന്തം പ്രേംനസീര്‍ മുതല്‍ വിവിധ കലാകാരന്മാരെയും കലാകാരികളെയും സംഘടന മിഷിഗണില്‍ കൊണ്ടുവന്നിട്ടുണ്ട് ഡിഎംഎ.

പ്രവാസജീവിതത്തിന്റെ മടുപ്പു മാറ്റുവാനും കേരളത്തിന്റെ തനതായ സംസ്കാരം വരും തലമുറയിലേക്കു പകരുക എന്ന മഹത്തായ ദൌത്യം ഒരു പരിധിവരെ നിറവേറ്റാന്‍ ഡിഎംഎയെ കൊണ്ട് സാധിക്കുന്നതില്‍ വളരെയധികം സംതൃപ്തിയുണ്െടന്നു സെക്രട്ടറി ആകാശ് ഏബ്രഹാം പറഞ്ഞു.

ഒരുമയുടെ ഈ ഓണാഘോഷത്തിലേക്ക് എല്ലാ മിഷിഗണ്‍ മലയാളികളേയും ഡിഎംഎ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്