അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാരായണീയ സപ്താഹം ശനീശ്വര ക്ഷേത്രത്തില്‍
Friday, August 21, 2015 6:10 AM IST
ന്യൂയോര്‍ക്ക്: അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് വില്ലേജിലുള്ള ശനീശ്വര ക്ഷേത്രത്തില്‍ ഓഗസ്റ് 16 നു (ഞായര്‍) സ്വാമി ഉദിത് ചൈതന്യജിയുടെ കാര്‍മികത്വത്തില്‍ നാരായണീയം ആയൂരാരോഗ്യ സപ്താഹം സമാരംഭിച്ചു.

സ്വാമി ഉദിത് ചൈതന്യജി യജ്ഞശാലയില്‍ ഭദ്രദീപം തെളിച്ച് സപ്താഹം ഉദ്ഘാടനം ചെയ്തു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മലയാളി ഹിന്ദു മണ്ഡലം പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, നാരായണീയത്തിലെ ഏതാനും ശ്ളോകങ്ങള്‍ ശ്രുതി മധുരമായി ആലപിച്ചു.

അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് സ്വാഗതം ആശംസിച്ച് സ്വാമിജിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചാദരിച്ചു. യജ്ഞപൌരാണികരായ ബാലകൃഷ്ണന്‍ നായരെ ട്രസ്റീ ബോര്‍ഡ് അംഗം കുന്നപ്പള്ളില്‍ രാജഗോപാലും (പബ്ളിക് റിലേഷന്‍സ്), ജയപ്രകാശ് നായരെ ജനറല്‍ സെക്രട്ടറി സജി കരുണാകരനും പൊന്നാട അണിയിച്ച് ആദരിച്ചു.

സ്വാമി ഉദിത് ചൈതന്യജി നടത്തിയ പ്രഭാഷണം ഭക്തജനങ്ങളെ വേദാന്തത്തിന്റെ ഉത്തുംഗതയിലേക്ക് എത്തിച്ചു. തുടര്‍ന്നു ബംഗളൂരുവില്‍നിന്നുള്ള നാട്യാ സ്റ്റെം ഇന്‍സ്റിറ്റ്യൂട്ട് മനോഹരമായി കഥക് നൃത്തരൂപത്തില്‍ രാധാകൃഷ്ണ നൃത്തം അവതരിപ്പിച്ചു. നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് രഘുവരന്‍ നായര്‍ ട്രൂപ്പിന്റെ പരിപാടി സംഘടിപ്പിക്കാന്‍ വേണ്ട സഹായസഹകരണം ചെയ്തു.

ശനീശ്വര ക്ഷേത്രത്തിന്റെ പ്രസിഡന്റ് രൂപാ ശ്രീധര്‍, കഥക് നൃത്തത്തില്‍ പങ്കെടുത്ത കലാകാരന്മാരെ പൊന്നാടയണിയിച്ച് അനുമോദിച്ചു. തുടര്‍ന്നു അയ്യപ്പ സേവാ സംഘം പ്രത്യേക പാരിതോഷികം കലാകാരന്മാര്‍ക്കു നല്‍കി.

എല്ലാ ദിവസവും യജ്ഞപൌരാണികരുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം മൂന്നു മുതല്‍ നടന്നുവരുന്നു. പാരായണം ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കെല്ലാം അവസരം കൊടുത്തുകൊണ്ടാണു സപ്താഹം പുരോഗമിക്കുന്നത്. അവശേഷിക്കുന്ന ദിവസങ്ങളില്‍ പാരായണത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മൂന്നിന് ഏത്തിച്ചേരേണ്ടതാണ്.

അഞ്ചാം ദിവസമായ ഓഗസ്റ് 21നു (വെള്ളി) ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ അഞ്ചുവരെ കുട്ടികള്‍ക്കായി വേദാന്ത ക്ളാസുകളും ചോദ്യോത്തര പംക്തികളും പുരാണേതിഹാസങ്ങളില്‍ അഗാധമായ ജ്ഞാനമുള്ള വ്യക്തികളും സ്വാമി ഉദിത് ചൈതന്യജിയും ക്ളാസുകള്‍ എടുക്കും. കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. സമാപന ദിവസം സുപ്രസിദ്ധ ഗായകന്‍ മനോജ് കൈപ്പിള്ളി നയിക്കുന്ന ഭക്തിഗാന മേള ഉണ്ടായിരിക്കും. അമേരിക്കയില്‍ വളരെ അപൂര്‍വമായി ലഭിക്കുന്ന ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തണമെന്നു ജനറല്‍ സെക്രട്ടറി സജി കരുണാകരന്‍ അഭ്യര്‍ഥിച്ചു.

രാജേശ്വരി രാജഗോപാല്‍, താമര രാജീവ്, മഹിമയുടെ മുന്‍ പ്രസിഡന്റ് ബാഹുലേയന്‍ രാഘവന്‍, ശ്രീനാരായണ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെ.ജി. സഹൃദയന്‍, ഭാരതി പണിക്കര്‍, മുരളീധരന്‍ നായര്‍, കലാ സതീഷ്, സുധാകരന്‍ പിള്ള, വിജയകുമാര്‍ നായര്‍, സുശീലാമ്മ പിള്ള എന്നിവര്‍ സപ്താഹത്തിന്റെ സമ്പൂര്‍ണ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.

യജ്ഞപൌരാണികന്‍ കൂടിയായ ജയപ്രകാശ് നായര്‍ സദസിനു നന്ദി പറഞ്ഞു. തുടര്‍ന്നു പ്രസാദവിതരണത്തോടെ ഉദ്ഘാടന പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ