റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശിയുടെ സംസ്കാരം നാട്ടില്‍ നടത്തി
Thursday, August 20, 2015 8:19 AM IST
റിയാദ്: റിയാദിനടുത്ത് ദുര്‍മയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഏതാനും ദിവസം മുമ്പാണ് പാലക്കാട് പല്ലശന തുമ്പിളി സുരേഷ് (45) ദുര്‍മയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം പൊതുപ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ ഏറ്റുവാങ്ങി.

സുരേഷ് സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഒരു പാക്കിസ്ഥാന്‍ പൌരനും ഒരു ഈജിപ്ഷ്യന്‍ പൌരനും അപകടത്തില്‍ മരിച്ചിരുന്നു. 

ദുര്‍മയില്‍ ഇലക്ട്രീഷ്യനായിരുന്നു മരിച്ച സുരേഷ്. ഭാര്യ ഷാലു.

നാട്ടില്‍ അമ്മയും ഒരു സഹോദരിയുമുണ്ട്. മരിച്ച സുരേഷിന്റെ സൌദിയിലെ ഹഫര്‍ അല്‍ബാതനില്‍ ജോലി ചെയ്യുന്ന സഹോദരന്‍ രവിയും നാട്ടിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ സാമ്പത്തികം കേളി ദുര്‍മ യുണിറ്റിന്റെ നേതൃത്വത്തില്‍ പൊതു സമൂഹത്തില്‍നിന്ന് കണ്െടത്തുകയായിരുന്നു. കേളി മുസാഹ്മിയ ഏരിയ ആക്ടിംഗ് സെക്രട്ടറി എം.കെ. ഷമീര്‍ പുലാമന്തോള്‍, കേളി ജീവകാരുണ്യവിഭാഗം ജോ. കണ്‍വീനര്‍ കിഷോര്‍, നിസാം എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍