സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം വെള്ളിയാഴ്ച പാക്കിസ്ഥാന്‍ ക്ളബില്‍
Thursday, August 20, 2015 8:17 AM IST
മനാമ: സമസ്ത ബഹറിന്‍ മദ്രസകളുടെ കേന്ദ്രമായ മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസയുടെ 20-ാം വാര്‍ഷിക ത്രൈമാസ കാമ്പയിന്‍ 'തസ്ബീത് 2015' ന്റെ ഭാഗമായി സമസ്ത കേരള സുന്നീ ജമാഅത്ത് ഓഗസ്റ് 21നു (വെള്ളി) രാത്രി 8.30ന് പാകിസ്ഥാന്‍ ക്ളബില്‍ സംഘടിപ്പിക്കുന്ന മത വിജ്ഞാന സദസില്‍ യുവപ്രഭാഷകനും പണ്ഡിതനുമായ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.

പ്രഭാഷണ കലയില്‍ വേറിട്ട ശൈലികൊണ്ടും ആഴത്തിലിറങ്ങിയ വിഷയാവതരണം കൊണ്ടും ശ്രദ്ധേയമായ നിരവധി പഠന ക്ളാസുകളും പ്രഭാഷണങ്ങളുമാണ് സിംസാറുല്‍ ഹഖ് ഹുദവി കേരളത്തിനകത്തും പുറത്തുമായി നടത്തിയിട്ടുള്ളത്. കേരളത്തിലെ അത്യുന്നത വൈജ്ഞാനിക കേന്ദ്രമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അബൂദാബി ബ്രിട്ടീഷ് സ്കൂളിലെ ഇസ്ലാമിക പഠന വിഭാഗം തലവനായിട്ടാണ് ജോലി ചെയ്യുന്നത്.

പ്രഭാഷണം ശ്രവിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സമസ്തയുടെ നേതൃത്വത്തില്‍ എസ്കെഎസ്എസ്എഫ് വിഖായ പാക്കിസ്ഥാന്‍ ക്ളബില്‍ ഒരുക്കിയിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം സമസ്ത കേരള സുന്നീ ജമാഅത്ത്, ബഹറിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ നിര്‍വഹിക്കും.