മസ്ക്കറ്റ് സയന്‍സ് ഫെസ്റ് ആരോഗ്യജാലകം ഡോക്ടര്‍മാരുമായി സംവാദം സംഘടിപ്പിക്കുന്നു
Thursday, August 20, 2015 7:07 AM IST
മസ്ക്കറ്റ്: മസ്കറ്റിലെ വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും ശാസ്ത്ര ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട മസ്ക്കറ്റ് സയന്‍സ് ഫെസ്റ്, മസ്ക്കറ്റിലെ മലയാളി സമൂഹത്തിനു ആരോഗ്യമേഖലയിലെ വിദഗ്ധ ഡോക്ടര്‍മാരുമായി സംവദിക്കുവാനുള്ള വേദി ഒരുക്കുന്നു.

ഓഗസ്റ് 21നു (വെള്ളി) വൈകുന്നേരം ആറു മുതല്‍ ഇന്ത്യന്‍ സ്കൂള്‍ ഡാര്‍സൈറ്റില്‍ നടക്കുന്ന 'ആരോഗ്യ ജാലകം' എന്ന പരിപാടിയില്‍ മസ്കറ്റിലെ പ്രഗത്ഭരായ 11 ഡോക്ടര്‍മാര്‍ പങ്കെടുക്കും. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, നെടുമ്പാശേരി ചാപ്റ്ററുമായി സഹകരിച്ചാണ് സംവാദം ഒരുക്കിയിരിക്കുന്നത്.

പ്രവാസികളില്‍ പലരും ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്ക് സ്വയം ചികിത്സ നടപ്പിലാക്കുന്നവരോ തങ്ങളുടെ ജീവിത സാഹചര്യങ്ങളാല്‍ പലവിധ അസുഖങ്ങളിലും കൃത്യമായ ചികിത്സ ലഭിക്കാതിരിക്കുന്നവരോ ആണ്. നിസാരമായി തള്ളിക്കളയുന്ന ചില ലക്ഷണങ്ങള്‍ ചിലപ്പോള്‍ ദീര്‍ഘകാല ചികിത്സ വേണ്ടി വരുന്ന അസുഖങ്ങളുടെ മുന്നോടിയായിരിക്കാം. ഇത്തരം കാര്യങ്ങളെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. മസ്ക്കറ്റ് സയന്‍സ് ഫെസ്റ് പ്രിന്‍സിപ്പല്‍ കോ ഓര്‍ഡിനേറ്റര്‍ രവീഷ് പറഞ്ഞു. മസ്ക്കറ്റ് സയന്‍സ് ഫെസ്റിന്റെ രണ്ടാമത്തെ പരിപാടിയാണിത്. കോസ്റ് ഫോര്‍ഡിന്റെ സഹകരണത്തോടെ നടത്തിയ 'ബദല്‍ സാങ്കേതിക വിദ്യയും പ്രായോഗിക രൂപങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഏറെ പേരെ ആകര്‍ഷിച്ചിരുന്നു. ഈ വര്‍ഷം ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്െടന്ന് രവീഷ് കൂട്ടിച്ചേര്‍ത്തു.

മസ്ക്കറ്റിലെ വിദഗ്ധ ഡോക്ടര്‍മാരുമായി നേരിട്ട് സംവദിക്കുവാന്‍ അവസരം ലഭിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൌജന്യമാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം