കാസര്‍ഗോഡ് ഉത്സവ് നവംബര്‍ ആറിന്
Thursday, August 20, 2015 7:01 AM IST
കുവൈത്ത്: കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കെഇഎ കുവൈത്ത് അതിന്റെ പത്താം വാര്‍ഷികം വിപുലമായി കൊണ്ടാടുവാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന കെഇഎ എക്സിക്യൂട്ടീവ് ഉന്നതാധികാര സമിതി സംഗമത്തിനുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. സഗീര്‍ തൃക്കരിപ്പൂര്‍ ചെയര്‍മാനും എന്‍ജിനിയര്‍ അബൂബക്കര്‍ സാഹിബ് പേട്രണും സത്താര്‍ കുന്നില്‍, മഹ്മൂദ് അപ്സര, ഹമീദ് മധൂര്‍, സുധന്‍ ആവിക്കര എന്നിവര്‍ വൈസ് ചെയര്‍മാനുമായി രൂപം കൊണ്ട കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി സലാം കളനാടിനെയും ജോയിന്റ് കണ്‍വീനറായി അനില്‍ കള്ളാറിനെയും മുഹമ്മദ് കുഞ്ഞി സിഎച്ചിനെയും തെരഞ്ഞെടുത്തു.

തുടര്‍ന്നു തെരഞ്ഞെടുക്കപ്പെട്ട പത്തോളം സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി സുധന്‍ ആവിക്കര, രാമകൃഷ്ണന്‍ കള്ളാര്‍, അഷ്റഫ് തൃക്കരിപ്പൂര്‍, എ.കെ. മുഹമ്മദ് ആറങ്ങാടി, മുനീര്‍ കുണിയ, കബീര്‍ തളങ്കര, ഷംസുദ്ദീന്‍ ബദ്രിയ, ഒ.വി. ബാലന്‍, ടി.പി. ഗിരീശന്‍, ജലീല്‍ ആരിക്കാടി, അസീസ് തളങ്കര, വാസുദേവ്, മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, ഷാഫി ബാവ, നാസിര്‍ ചുള്ളിക്കര, സമദ് കൊട്ടോടി, ബഷീര്‍ കളനാട് എന്നിവരെയും തെരഞ്ഞെടുത്തു.

'നമുക്കും നല്‍കാം ഒരു നേരത്തെ ഭക്ഷണം' എന്ന അടിക്കുറിപ്പോടെ തയാറാക്കിയ പത്താം വാര്‍ഷികാഘോഷം കാസര്‍ഗോഡന്‍ മലയോര മേഖലയില്‍, ഒരുനേരത്തെ അന്നത്തിനു വകയില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ പദ്ധതിയാണ് ഉന്നം വയ്ക്കുന്നത്.

നവംബര്‍ ആറിനു സെന്‍ട്രല്‍ സ്കൂള്‍ അബാസിയയില്‍ അരങ്ങേറുന്ന കാസര്‍ഗോഡ് ഉത്സവ് രാവിലെ ഒമ്പതു മുതല്‍ രാത്രി 11 വരെയുള്ള ഒരു മുഴുനീള പരിപാടിയിയായിരിക്കും. സ്ത്രീകള്‍ക്കായി പാചക മത്സരം, മയിലാഞ്ചി മത്സരം എന്നിവയും കുട്ടികള്‍ക്കായി രചനാ മത്സരവും തുടര്‍ന്നു കുവൈറ്റിലെ സംഘടനാ നേതാക്കളെയും സാംസ്കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു സെമിനാറും വിവിധ ജില്ലാ പ്രാതിനിത്യത്തിലുള്ള കലാ സന്ധ്യയും സമാപന പരിപാടിയില്‍ നാട്ടില്‍ നിന്നും വരുന്ന കലാകാരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഗാ മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരിക്കും.

പ്രസിഡന്റ് ഹമീദ് മധൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുധന്‍ ആവിക്കര സ്വാഗതവും ട്രഷറര്‍ രാമകൃഷ്ണന്‍ കള്ളാര്‍ സ്വാഗത സംഘ കമ്മിറ്റിയെ അവതരിപ്പിക്കുകയും ചെയ്തു. കാസര്‍ഗോഡ് ഉത്സവ്, പത്തു വര്‍ഷം പിന്നിടുന്ന കെഇഎയുടെ ചരിത്രത്തിലെ തന്നെ ഒരു പൊന്‍ തൂവലായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ സലാം കളനാട് പ്രത്യാശ പ്രകടിപ്പിച്ചു. ജോ. കണ്‍വീനര്‍ അനില്‍ കള്ളാര്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഷ്റഫ് തൃക്കരിപ്പൂര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍