പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ഓണാഘോഷം 'ശ്രാവണ പൌര്‍ണമി 2015' ഒക്ടോബര്‍ 30ന്
Thursday, August 20, 2015 6:57 AM IST
കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികള്‍ ശ്രാവണ പൌര്‍ണമി 2015 ഒക്ടോബര്‍ 30നു (വെള്ളി) രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ വിവിധ കലാപരിപാടികളോടെ നടക്കും.

കുവൈത്തിലെ പത്തനംതിട്ട ജില്ലക്കാരായ അസോസിയേഷന്റെ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, കേരളത്തില്‍നിന്നുള്ള കലാകാരന്മാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ അഘോഷങ്ങള്‍ക്കു മിഴിവേകും.

ആഘോഷ പരിപാടികളുടെ ഭാഗമായി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന റാഫിള്‍ കൂപ്പണ്‍, ജനറല്‍ സെക്രട്ടറി ചാള്‍സ് പി. ജോര്‍ജ്, സീനിയര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ചെന്നീര്‍ക്കര ഓവര്‍സീസ് ഫോറം പ്രസിഡന്റുമായ എം.ജെ. ജോര്‍ജിനു നല്‍കിയും ഫുഡ് കൂപ്പണ്‍ ജനറല്‍ കണ്‍വീനര്‍ ബെന്നി പത്തനംതിട്ട കെ.ഒ. മത്തായിക്കു നല്‍കിയും പ്രകാശനം ചെയ്തു.

ശ്രാവണ പൌര്‍ണമി 2015 ന്റെ ആഘോഷ പരിപാടികള്‍ പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ കുവൈത്തിലെ പത്തനംതിട്ട ജില്ലക്കാരായ എല്ലാ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആത്മാര്‍ഥമായ പിന്തുണയും സഹകരണവും അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 99722437, 99269291, 66501482.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍