'മതേതര ശക്തികള്‍ ഫാസിസ്റ് അജന്‍ഡകളെ തിരിച്ചറിയുക'
Tuesday, August 18, 2015 7:12 AM IST
കുവൈത്ത്: നുണക്കഥകള്‍ പറഞ്ഞും ഭരണഘടന വിഭാവനം ചെയ്യുന്ന മൌലിക അവകാശങ്ങളെ ഹനിച്ചുകൊണ്ട് സമൂഹത്തില്‍ വന്‍ കലാപങ്ങളുണ്ടാക്കിയും തുടരുന്ന ഫാസിസ്റ് അജന്‍ഡകളെ തിരിച്ചറിയണമെന്നും അത്തരം പ്രവര്‍ത്തനങ്ങളെ പാടെ വിപാടനം ചെയ്തില്ലെങ്കില്‍ രാജ്യം തകര്‍ച്ചയിലേക്കു പോകുമെന്നും കെകെഎംഎ സെമിനാര്‍ അഭിപ്രായപ്പെട്ടു.

വൈവിധ്യങ്ങള്‍കൊണ്ട് അലംകൃതമായ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം എന്നും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവുമായ കാഴ്ചപ്പാടുകള്‍ കാത്തു സംരക്ഷിക്കേണ്ടത് രാജ്യ നന്മ ആഗ്രഹിക്കുന്ന ഓരോ പൌരന്റെയും കര്‍ത്തവ്യമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കുവേണ്ടി മതങ്ങളെ കരുവാക്കി നടത്തുന്ന അപകടകരമായ പ്രവൃത്തികളെ തിരിച്ചറിയുവാനും സെമിനാര്‍ ആവശ്യപ്പെട്ടു.

കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ നടത്തിയ സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ചു പ്രവാസി ഓഡിറ്റോറിയത്തില്‍ നടത്തിയ 'എന്റെ ഇന്ത്യ മതേതര ഇന്ത്യ' എന്ന സെമിനാര്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ശിവ് സാഗര്‍ ഉദ്ഘാടനം ചെയ്തു.

ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് തോമസ് മാത്യു കടവില്‍, കെ.വി. മുജീബുള്ള, അസീസ് തിക്കോടി, മുഹമ്മദ് റിയാസ് അയനം, മുസ്തഫ മാസ്റര്‍ എന്നിവര്‍ സംസാരിച്ചു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഒ.പി. ഷറഫുദ്ദീന്‍ വിഷയം അവതരിപ്പിച്ചു. കെകെഎംഎ വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ഫത്താഹ് തൈയില്‍ മോഡറേറ്റര്‍ ആയിരുന്നു വര്‍ക്കിംഗ് പ്രസിഡന്റ് ഹംസ മുസ്തഫ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് എ.വി. മുസ്തഫ സ്വാഗതവും ആര്‍ട്സ് സെക്രട്ടറി പി.പി. ഫൈസല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍