മാലിക് ദിനാര്‍ നഴ്സിംഗ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം ഗൃഹാതുരസ്മരണകളുയര്‍ത്തി
Tuesday, August 18, 2015 5:53 AM IST
ഡാളസ്: കാസര്‍ഗോഡ് മാലിക് ദിനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ നഴ്സിംഗ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം ഗൃഹാതുരസ്മരണകളുയര്‍ത്തി.

കാസര്‍ഗോട്ടെ വ്യവസായ പ്രമുഖനും സാമൂഹ്യസേവനരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കെ.എസ്. അബ്ദുള്ള 1975ല്‍ മാലിക് ദീനാര്‍ ആശുപത്രിയോടുചേര്‍ന്ന് ആരംഭിച്ച നഴ്സിംഗ് സ്കൂളിലെ ആദ്യ മൂന്നു ബാച്ചുകളില്‍പെട്ട വിദ്യാര്‍ഥിനികളാണു നഴ്സസ് സംഗമത്തില്‍ പങ്കെടുത്തത്.

ഓഗസ്റ് രണ്ടിനു (ഞായര്‍) ഉച്ചയ്ക്ക് 12നു തൃശൂരിലെ പേള്‍ റീജന്‍സി ഹോട്ടലില്‍ ചേര്‍ന്ന സംഗമത്തില്‍ ആശുപത്രിയിലെ ആദ്യ സ്റാഫ് നഴ്സ് ആയിരുന്ന റബേക്ക സ്കറിയ അധ്യക്ഷത വഹിച്ചു. അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ട്രഷററുമായ പി.പി. ചെറിയാന്‍ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡെന്‍സില്‍ ആമുഖപ്രസംഗം നടത്തി. എന്‍. സരസ്വതി സ്വാഗതം ആശംസിച്ചു.

ആദ്യ ബാച്ച് വിദ്യാര്‍ഥിനികളായിരുന്ന സുഹാസിനി, മദനകുമാരി, നബീസ, അസ്മ വീവി, റമീദ, ഏലിയാമ്മ എന്നിവരെ പി.പി. ചെറിയാന്‍ പൊന്നാട അണിയിച്ചു. ഗിരിജ, നിത്യ, ശാന്തകുമാരി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ സംഗമത്തിനു മാറ്റു കൂട്ടി.

അടുത്ത സംഗമം കോഴിക്കോട് നടത്താന്‍ തുടര്‍ന്നു നടന്ന ബിസിനസ് മീറ്റിംഗില്‍ തീരുമാനമായി. പരിപാടി സ്പോണ്‍സര്‍ ചെയ്ത ഓമന ചെറിയാന്‍ (ഡാളസ്), കോ-ഓര്‍ഡിനേറ്റര്‍മാരായ ഡെന്‍സില്‍, സരസ്വതി എന്നിവര്‍ നേതൃത്വം നല്‍കി. വത്സലകുമാരി നന്ദി പറഞ്ഞു.

മൂന്നു ബാച്ചുകളിലായി 45 വിദ്യാര്‍ഥിനികളില്‍ 39 പേര്‍ സംഗമത്തില്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേര്‍ന്നത് ശ്രദ്ധേയമായി. 40 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചതു വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.

ഗള്‍ഫില്‍നിന്നും അമേരിക്ക-യൂറോപ്പ് മേഖലകളില്‍നിന്നും നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി