പാലക്കാട് ജാമിഅ ഹസനിയ കമ്മിറ്റി 'എഡ്യൂമീറ്റ് 2015' സംഘടിപ്പിച്ചു
Monday, August 17, 2015 8:06 AM IST
ജിദ്ദ: വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സമ്പാദ്യമാണെന്ന മഹദ്വാക്യം കൈമുതലാക്കി സമൂഹം വിദ്യാ സമ്പാദനത്തിനായി പ്രയത്നിക്കേണ്ടതുണ്െടന്ന് മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി. ജിദ്ദാ ഇമ്പാല ഓഡിറ്റോറിയത്തില്‍ പാലക്കാട് ജാമിഅ ഹസനിയ കമ്മിറ്റി സംഘടിപ്പിച്ച എഡ്യൂമീറ്റ് 2015 ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യകളുടെ കലവറയായിരുന്ന സ്പെയിനിലേയും ബാഗ്ദാദിലേയും തുര്‍ക്കിയിലേയും മറ്റും സര്‍വകലാശാലകളെ വിലയിരുത്തപ്പെടുമ്പോള്‍ ആഡംബരത്തിന്റേയും ധൂര്‍ത്തിന്റേയും വഴിയേ പോയ ആധുനിക സമൂഹത്തിന്റെ അധപതനം ദര്‍ശിക്കാമെന്ന് ചരിത്രതാളുകളിലൂടെ അദ്ദേഹം അവതരിപ്പിച്ചു.

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച കോര്‍ഡോവ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ എഡ്യൂമീറ്റില്‍ അദ്ദേഹം അവതരിപ്പിച്ചു. സാംസ്കാരിക കേരളത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ലോകപ്രശസ്ത യൂണിവേഴ്സിറ്റികളിലൊന്നായ കേംബ്രിഡ്ജിന്റെ അഫിലിയേഷനോടെ ഐസിഎസ്ഇ സിലബസ് പ്രകാരം നടക്കുന്ന സ്കൂള്‍ നാലാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എംബസി സ്കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് റാസിഖ് അബ്ദുള്‍ വാഹിദ് എഡ്യൂമീറ്റ് 2015 ഉദ്ഘാടനം ചെയ്തു. യഹ്യ ഖലീല്‍ നൂറാനി, എന്‍ജിനിയര്‍ നൌഫല്‍ എറണാകുളം, ഹിഫ്സുറഹ്മാന്‍ തുടങ്ങിയര്‍ സംസാരിച്ചു. സയിദ് ഹബീബ് അല്‍ബുഖാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുറബ് ചെമ്മാട് സ്വാഗതവും കൊമ്പം മുഹമ്മദ് അന്‍വരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍