പത്മനാഭസ്വാമിയുടെ ചൈതന്യമാണ് തിരുവിതാംകൂറിന്റെ സമ്പത്ത്: സുഗതകുമാരി
Monday, August 17, 2015 8:00 AM IST
തിരുവനന്തപുരം: തിരുവിതാംകൂറിന്റെ രക്ഷകനായി നാം പൂജിക്കുന്ന ശ്രീ പത്മനാഭസ്വാമിയുടെ ചൈതന്യമാണ് തിരുവിതാംകൂറിന്റെ സമ്പത്തെന്ന് മലയാളത്തിലെ പ്രമുഖ കവയത്രി സുഗതകുമാരി പറഞ്ഞു.

ശ്രീ പത്മനാഭസ്വാമിയെ കുബേരനായി ചിലര്‍ ചിത്രീകരിക്കുന്നത് വേദനാജനകമാണ്. പത്മനാഭസ്വാമി വിശ്വത്തിന്റെ സംരക്ഷകനാണ്. 'തിരുവാഴുംകോട്' എന്ന പേരില്‍ ലോക പ്രശസ്തി നേടിയ തിരുവിതാംകൂറിന്റെ ചരിത്രവും സംസ്കാരവും വിശ്വ സംസ്കൃതിക്ക് പരിചയപ്പെടുത്താന്‍, അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ പത്മനാഭസ്വാമി ക്ഷേത്ര ചരിത്രം സംബന്ധിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിബായി തമ്പുരാട്ടി രചിച്ച പുസ്തകത്തെ അടിസ്ഥാനമാക്കി തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ഗള്‍ഫ് ചാപ്റ്റര്‍ തയാറാക്കുന്ന 'ചരിത്രം കാതോര്‍ക്കുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം' ഡോക്കുമെന്ററി പ്രോജക്ടിന്റെ ഉദ്ഘാടനം കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സുഗതകുമാരി നിര്‍വഹിച്ചു. പത്മനാഭദാസ പദവിയുടെ പരിശുദ്ധിയും പ്രഭാവവും ജീവിതാന്ത്യംവരെ സംരക്ഷിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രം തെറ്റിദ്ധരിക്കപ്പെടുന്ന കാലഘട്ടത്തില്‍, സത്യസന്ധമായ ചരിത്രം പുതുതലമുറയ്ക്ക് പകരുന്നതിന് തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ നടത്തുന്ന ശ്രമം ശ്ളാഖനീയമാണ്. പത്മനാഭസ്വാമി ക്ഷേത്രം ഉള്ളടത്തോളം കാലം തിരുവിതാംകൂറിന്റെ കീര്‍ത്തിയും നിലനില്‍ക്കുമെന്നും രാജ്യസ്നേഹവും ദേശാഭിമാനവും ഉള്ള പൂര്‍വികരുടെ നാടായ തിരുവിതാംകൂറിന്റെ കീര്‍ത്തി പുനസ്ഥാപിക്കാന്‍ ഈ പ്രോജക്ടിന്റെ കഴിയട്ടെയെന്നും സുഗതകുമാരി ആശംസിച്ചു.

സ്വാതന്ത്യ്രസമര സേനാനിയും ചരിത്രകരനുമായ അഡ്വ. അയ്യപ്പന്‍ പിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഡോക്കുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

ശ്രീ പത്മനാഭസ്വാമിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച ക്ഷേത്ര ചരിത്രം ഡോക്കുമെന്ററിയാക്കുന്നത് ഈശ്വര നിയോഗമാണെന്നും ആചാരങ്ങളും അനുഷ്ടാനങ്ങളും മാറ്റാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ നമ്മുടെ അമ്പലത്തിനു എന്തു പറ്റി എന്ന ചിന്തയാണ് എന്നെ ഭരിക്കുന്നത് എന്നും തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിബായി പറഞ്ഞു.

പൂയം തിരുനാള്‍ ഗൌരിപാര്‍വതി ബായി, കേരള ഗവണ്‍മെന്റ് അറ്റോര്‍ണി പി. വിജയ രാഘവന്‍, തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ സെക്രട്ടറി ഡയസ് ഇടിക്കുള, ട്രിവാന്‍ട്രം ഡിസ്ട്രിക് ലയണ്‍സ് ക്ളബ് മുന്‍ ഗവര്‍ണര്‍ എ.കെ. അബാസ്, ട്രിവാന്‍ട്രം ലയണ്‍സ് ക്ളബ് ഡിസ്ട്രിക് ചെയര്‍മാന്‍ പി.കെ. വിജയനാഥ്, രവി വര്‍മ്മ രാജ, പ്രതാപ് കിഴക്കേമഠം, പ്രസാദ് വര്‍മ്മ, ഗിരിജ സേതുനാഥ്, ജി.കെ. നമ്പൂതിരി, ഉമാ മഹേശ്വരി എന്നിവര്‍ പ്രസംഗിച്ചു.

തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ രക്ഷാധികാരി അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിബായിയുടെ നേതൃത്വത്തില്‍ മതിലകം രേഖകളും ചരിത്ര പണ്ഡിതന്മാരുടെ സാക്ഷ്യങ്ങളും സമുന്നയിപ്പിച്ച് തയാറാക്കുന്ന തിരുവിതാംകൂര്‍ ചരിത്ര പഠനചിത്രമാണ് ഈ ഡോക്കുമെന്ററിയെന്ന് തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. യൂണിവേഴ്സല്‍ കിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഡോക്കുമെന്ററി ചിത്രീകരിക്കുന്നത്.

വിവരങ്ങള്‍ക്ക്: ംംം.ാരഴൌഹള.രീാ