റിയാദില്‍ സ്വാതന്ത്യ്രദിനാഘോഷം നടത്തി
Monday, August 17, 2015 7:55 AM IST
റിയാദ്: ഇന്ത്യയുടെ അറുപത്തിയൊന്‍പതാമത് സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ റിയാദില്‍ വര്‍ണശബളമായ പരിപാടികളോടെ അരങ്ങേറി. കാലത്ത് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ 8.30നു ദേശീയ പതാകയുയര്‍ത്തി. എംബസി ചാര്‍ജ് ഡി അഫയേഴ്സ് ഹേമന്ത് കോട്ടേല്‍വാര്‍, ഡിഫന്‍സ് അറ്റാഷേ കേണല്‍ ഗുര്‍പാല്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ എംബസിയിലെ ഉദ്യോഗസ്ഥരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.

തുടര്‍ന്നു എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വാതന്ത്യ്രദിന സന്ദേശം ഡിസിഎം ഹേമന്ത് കോട്ടേല്‍വാര്‍ തിങ്ങിനിറഞ്ഞ സദസില്‍ വായിച്ചു. പരിപാടികള്‍ക്ക് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ കോണ്‍സുല്‍ കോണ്‍സുലര്‍ ധര്‍മേന്ദ്ര ഭാര്‍ഗവ, ഫസ്റ് സെക്രട്ടറിമാരായ ഐ.പി. ലക്റേ, നാരായണന്‍, സെക്കന്റ് സെക്രട്ടറിമാരായ മനോജ് കുമാര്‍, അഗര്‍വാള്‍, ഗോപകുമാര്‍, എം.എസ്. പ്രസാദ്, പുരുഷോത്തമന്‍ അറ്റാഷേമാരായ ദളപതി, ജോര്‍ജ്, രാജേന്ദ്രന്‍, രത്നവേലു, പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ പ്രധാനാധ്യാപിക പതിമിനി യു. നായരുടെ നേതൃത്വത്തില്‍ എംബസി സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു. ഇത്തവണ എംബസി അങ്കണത്തില്‍ സ്വാതന്ത്യ്ര ദിനാഘോഷ പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ റിക്കാര്‍ഡ് ജനക്കൂട്ടമാണ് രാവിലെ തന്നെ എത്തിച്ചേര്‍ന്നത്. കൊടുംചൂടിലും കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ എത്തിയത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയുണ്ടാക്കി. കടുത്ത സുരക്ഷാപരിശോധന കഴിഞ്ഞ് പലരും എംബസിക്കകത്ത് പ്രവേശിച്ചപ്പോഴേക്കും പരിപാടികള്‍ ഏറെക്കുറെ അവസാനിച്ചിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍