സ്റാറ്റന്‍ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Monday, August 17, 2015 6:00 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി (ഞായറാഴ്ച) നടത്തും. ന്യൂ ഡ്രോപ് ഹൈസ്കൂളില്‍ നടക്കുന്ന ഓണാഘോഷത്തില്‍ വര്‍ണവൈവിധ്യമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് ജൂലൈ 25-നു സ്റാറ്റന്‍ഐലന്‍ഡിലെ ഇന്ത്യന്‍ ഓവന്‍ റസ്റോറന്റില്‍ (അരോമ പാലസ്) ബാങ്ക്വറ്റ് ഹാളില്‍ നടന്നു. അസോസിയേഷന്റെ മുന്‍ സാരഥികള്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട ചടങ്ങില്‍ പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ട് ഈവര്‍ഷത്തെ തിരുവോണം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പിനു പ്രഥമ ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സണ്ണി കോന്നിയൂര്‍, സെക്രട്ടറി റോഷന്‍ മാമ്മന്‍, ട്രഷറര്‍ ബാബു പീറ്റര്‍, ജോയിന്റ് സെക്രട്ടറി ആന്റോ ജോസഫ്, കേരള സമാജം പ്രസിഡന്റ് വര്‍ഗീസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ ആറാംതീയതി (ഞായറാഴ്ച) ഉച്ചകഴിഞ്ഞു മൂന്നിനു വിഭവസമൃദ്ധമായ തിരുവോണസദ്യയോടെയാണ് ഓണാഘോഷപരിപാടികള്‍ക്കു തുടക്കംകുറിക്കുന്നത്. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി മന്നനെയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിക്കും. തുടര്‍ന്നു സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം നടക്കും.

സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് അഭിമാനമായി രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ ഓഫ് ആര്‍ട്സ് അണിയിച്ചൊരുക്കുന്ന നൃത്തവിരുന്നോടെ കലാസന്ധ്യക്കു തുടക്കംകുറിക്കും. പ്രശസ്ത നാട്യാധ്യാപികയായ ബന്ധ്യാ പ്രസാദിന്റെ നേതൃത്വത്തില്‍ മയൂര സ്കൂള്‍ ഓഫ് ആര്‍ട്സ് അവതരിപ്പിക്കുന്ന തിരുവാതിരകളി, പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, ഡാന്‍സ് ഫെസ്റ്, ന്യൂജേഴ്സിയിലെ പ്രമുഖ കലാസംഘമായ 'മിത്രാസ്' അണിയിച്ചൊരുക്കുന്ന നൃത്തസംഗീത നാടക ശില്‍പം 'വെളുത്ത രക്തപുഷ്പങ്ങള്‍' തുടങ്ങിയ കലാമൂല്യമുള്ള വിവിധ പരിപാടികള്‍ തുടര്‍ന്ന് അരങ്ങേറും. സമയക്ളിപ്തതയോടെ ആസ്വാദകര്‍ക്ക് സന്തോഷം പകരുന്ന പരിപാടികള്‍ ഇത്തവണത്തെ ഓണാഘോഷത്തിന് വര്‍ണപ്പകിട്ടേകും. ഫ്രെഡ് കൊച്ചിന്‍ ആണു കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍.

ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന ഐശ്വര്യ സമ്പദ്സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിന്റെ എല്ലാ ആശംസകളും നേരുന്നതോടൊപ്പം ഏവരെയും ആഘോഷപരിപാടികളിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സാമുവേല്‍ കോശി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, സെക്രട്ടറി റോഷന്‍ മാമ്മന്‍, ട്രഷറര്‍ ജോര്‍ജ് പീറ്റര്‍ (ബാബു) എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാമുവേല്‍ കോശി കോടിയാട്ട് (പ്രസിഡന്റ്) 917 829 1030, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (ഓണം കോ-ഓര്‍ഡിനേറ്റര്‍) 917 854 3818, ഫ്രെഡ് കൊച്ചിന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 908 414 0114, സണ്ണി കോന്നിയൂര്‍ (വൈസ് പ്രസിഡന്റ്) 917 514 1396, റോഷന്‍ മാമ്മന്‍ (സെക്രട്ടറി) 646 262 7945, ജോര്‍ജ് പീറ്റര്‍ (ബാബു) ട്രഷറര്‍ - 718 494 7817. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം