നവോദയ കുടുംബവേദി ബിന്ദു രാജേന്ദ്രന് യാത്രയയപ്പു നല്‍കി
Saturday, August 15, 2015 3:57 AM IST
റിയാദ്: നവോദയ കുടുംബവേദി ചെയര്‍പേഴ്സണ്‍ ബിന്ദു രാജേന്ദ്രന് കുടുംബവേദി അംഗങ്ങളും നവോദയ പ്രവര്‍ത്തകരും യാത്രയയപ്പു നല്‍കി. നവോദയയുടെ ജോ.സെക്രട്ടറിയായിരുന്ന രാജേന്ദ്രന്‍ നായര്‍ അസുഖം മൂലം മരിച്ചതോടെ റിയാദിലുള്ള കുടുംബാംഗങ്ങളുടെ നാട്ടിലേക്കുള്ള മടക്കയാത്ര അനിവാര്യമായി തീരുകയായിരുന്നു.

നവോദയ കുടുംബവേദി രൂപീകരിക്കുന്നതിലും സംഘടനയുടെ പ്രവര്‍ത്തനത്തിലും പങ്കുവഹിച്ച വ്യക്തിയാണ് ബിന്ദു. റിയാദ് അതീഖയില്‍ നിയമ കുരുക്കില്‍പ്പെട്ട് അനാഥമായി കഴിഞ്ഞിരുന്ന സ്ത്രീയേയും കുട്ടികളേയും സഹായിച്ചതുള്‍പ്പെടെ നവോദയ കുടുംബവേദിയുടെ പേരില്‍ നടന്ന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബിന്ദു രാജേന്ദ്രന്‍ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. നവോദയയുടെ വാര്‍ഷികത്തിനവതരിപ്പിച്ച 'തീപ്പൊട്ടന്‍' നാടകത്തിന്റെ പിന്നണിയിലും ബിന്ദു രാജേന്ദ്രന്‍ സജീവമായിരുന്നു.

സോഫിയ സുധീര്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍, ജ്യോതി സതീഷ്, ഉദയഭാനു, ബാബുജി, അഹമ്മദ് മേലാറ്റൂര്‍, അന്‍വാസ്, കുമ്മിള്‍ സുധീര്‍, സതീഷ്, വിക്രമലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബവേദി കണ്‍വീനര്‍ കമറുന്നിസ അഹമ്മദ് സ്വാഗതവും ബിന്ദു രാജേന്ദ്രന്‍ യാത്രയയപ്പിനു നന്ദിയും പറഞ്ഞു. കമറുന്നിസ അഹമ്മദ് കുടുംബവേദിയുടെ ഉപഹാരം ബിന്ദു രാജേന്ദ്രനു കൈമാറി. ബിന്ദുവിന്റെ മൂത്ത മകന്‍ വിപിന്‍ രാജേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. ഇളയ മകന്‍ വിശാല്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍