തലവടി-കാഞ്ഞിരപ്പള്ളി കുടുംബയോഗം ഡെലവെയറില്‍ നടന്നു
Saturday, August 15, 2015 1:18 AM IST
ഡെലവെയര്‍: തലവടി- കാഞ്ഞിരപ്പള്ളി കുടുംബയോഗം നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ 2015-ലെ യോഗം ഡെലവെയര്‍ കോണ്‍കോര്‍ഡ് ബാപ്റ്റിസ്റ് ചര്‍ച്ച്, വില്‍വിഗ്ടണില്‍ കുടുംബ യോഗം പ്രസിഡന്റും മധ്യകേരള മഹായിടവക റിട്ട. ബിഷപ്പുമായ റൈറ്റ് റവ. സാമുവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

മനു ജോണ്‍ കോളാക്കോട്ടിന്റെ ഗാനശുശ്രൂഷയോടെ രാവിലെ 11.30-ന് യോഗം ആരംഭിച്ചു. കുടുംബത്തിലെ സീനിയര്‍ അംഗമായ മാത്യു ഈപ്പന്‍ ഭദ്രദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്തു. ഫിലാഡല്‍ഫിയ സിഎസ്ഐ ക്രൈസ്റ് ചര്‍ച്ച് വികാരി റവ. വര്‍ക്കി തോമസിന്റെ പ്രാര്‍ഥനയ്ക്കുശേഷം ജി. ജോസഫ് സ്വാഗതം ആശംസിച്ചു. ഡോ. തോമസ് ജോണ്‍ കോളാക്കോട്ട് കഴിഞ്ഞ രണ്ട് സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് വായിക്കുകയും കോപ്പി കുടുംബയോഗം പ്രസിഡന്റ് ബിഷപ് റവ. തോമസ് സാമുവലിനു നല്‍കുകയും ചെയ്തു.

തലമുറകളായി നമ്മുടെ കുടുംബം ദൈവത്തെ സ്നേഹിക്കുന്ന കുടുംബമാണെന്നും ഈ പാരമ്പര്യം നാം നിലനിര്‍ത്തണമെന്നും അധ്യക്ഷപ്രസംഗത്തില്‍ ബിഷപ് റവ. തോമസ് സാമുവല്‍ ആവശ്യപ്പെട്ടു.

കേരള രീതിയിലുള്ള ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. പ്രശാന്ത് കോശി അടുത്തവര്‍ഷത്തെ മീറ്റിംഗിനു നേതൃത്വം നല്‍കും. കണ്‍വീനര്‍ തോമസ് കോളാക്കോട്ട് കൃതജ്ഞത പറഞ്ഞു. ബിഷപ് റവ. തോമസ് സാമുവല്‍, ജി. ജോസഫ്, ആനന്ദ് തോമസ് എന്നിവരുടെ പ്രയത്നങ്ങളെ യോഗം അനുസ്മരിച്ചു. ബിഷപിന്റെ പ്രാര്‍ഥനയോടും ആശീര്‍വാദത്തോടുംകൂടി സമ്മേളനം സമാപിച്ചു.

സമ്മേളനത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഡെലവെയര്‍, പെന്‍സില്‍വേനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഏതാണ്ട് മുപ്പതിലധികം അംഗങ്ങള്‍ പങ്കെടുത്തു. തലവടി-കാഞ്ഞിരപ്പള്ളി കുടുംബത്തിലെ നൂറ്റമ്പതില്‍പരം കുടുംബങ്ങളാണ് യുഎസ്എയിലും കാനഡയിലുമായുള്ളത്. മീറ്റിംഗിനുള്ള ക്രമീകരണം നടത്തിയതും കുടുംബാംഗങ്ങള്‍ക്ക് കുടുംബയോഗത്തിന്റെ പേരുവച്ചുള്ള ടീ ഷര്‍ട്ട് സ്പോണ്‍സര്‍ ചെയ്തതും കോളാക്കോട് കുടുംബാംഗമായ ജി. ജോസഫാണ്. അടുത്ത സമ്മേളനം 2016 സെപ്റ്റംബര്‍ രണ്ടിന് (ശനി) ന്യൂജേഴ്സില്‍ നടക്കും. ഡിസംബറില്‍ അംഗങ്ങളുടെ താത്പര്യപ്രകാരം ക്രിസ്മസ് ഡിന്നര്‍ ക്രമീകരിക്കുവാനും ആലോചനയുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം