മോഷ്ടാക്കളുടെ ആക്രമണത്തിനിരയായ മലയാളിക്ക് കേളി വിമാനടിക്കറ്റു നല്‍കി
Saturday, August 15, 2015 1:17 AM IST
റിയാദ്: നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുക്കുന്നതിനായി സുലൈയില്‍ നിന്നും ബത്ഹയിലേക്ക് വരുംവഴി മോഷ്ടാക്കളുടെ ആക്രമണത്തിനിരയായ മലയാളിക്ക് നാട്ടില്‍ പോകാനുള്ള ടിക്കറ്റ് കേളി കലാ,സാംസ്കാരിക വേദി ജീവകാരുണ്യ ഫണ്ടില്‍ നിന്നും നല്‍കി. സുലൈ ടവ്വര്‍ മേഖലയിലെ കോദാരി ബലദിയ്യ കമ്പനിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം പെരുമാതുറ സ്വദേശി ദസ്തഗീറാണ് ആഫ്രിക്കക്കാരുടെ സ്വകാര്യ ടാക്സിയില്‍ സഞ്ചരിക്കവെ വാഹനത്തില്‍ വച്ച് മോഷ്ടാക്കളുടെ ആക്രമണത്തിനിരയായത്.

ജോലി ചെയ്യുന്ന കമ്പനിയില്‍ കൃത്യമായി ശമ്പളം ലഭിക്കാതായതിനെത്തുടര്‍ന്ന് എക്സിറ്റില്‍ നാട്ടില്‍ പോകുന്നതിനായി ടിക്കറ്റ് എടുക്കാനുള്ള പണവുമായി ബത്ഹയിലേക്ക് പോവുകയായിരുന്നു ദസ്തഗീര്‍. വഴിമധ്യേ ഡ്രൈവറെ കൂടാതെ കാറിലുണ്ടായിരുന്ന ഒരാള്‍ ഇറങ്ങുകയും ഉടനെ തിരിച്ചു വന്ന് തന്റെ പണം നഷ്ടപ്പെട്ടതായി പറയുകയും പരിശോധനയില്‍ കാറിന്റെ സീറ്റില്‍ നിന്നും കുറച്ച് പണം കിട്ടുകയും ചെയ്തു. കൂടുതല്‍ പണമുണ്െടന്ന് പറഞ്ഞ് ദസ്തഗീറിനെ പരിശോധിക്കുകയും ബലം പ്രയോഗിച്ച് പേഴ്സ് തട്ടിയെടുക്കുകയുമായിരുന്നു. പഴ്സിലുണ്ടായിരുന്ന 1200 റിയാല്‍ കൈവശപ്പെടുത്തി അവര്‍ ദസ്തഗീറിനെ കാറില്‍ നിന്നും ഇറക്കിവിടുകയായിരുന്നു.

കൃത്യമായി ശമ്പളം ലഭിക്കാതെ ഏറെ ബുദ്ധിമുട്ടിയിരുന്ന ദസ്തഗീര്‍ ടിക്കറ്റെടുക്കാനുള്ള പണം കൂടി നഷ്ടപ്പെട്ടതോടെ ഏറെ വിഷമത്തിലായി. ഈ അവസ്ഥയിലാണ് കേളിയുടെ സുലൈ മാറദ് യൂണിറ്റിലെ പ്രവര്‍ത്തകനായ നൌഷാദിനെ ബന്ധപ്പെട്ട് ദസ്തഗീര്‍ വിവരങ്ങള്‍ പറയുകയും നാട്ടില്‍ പോകുന്നതിനായി സഹായമഭ്യര്‍ഥിച്ചതും. കേളി സുലൈ ഏരിയ കമ്മിറ്റി അംഗങ്ങള്‍ ടിക്കറ്റിനാവശ്യമായ പണം കണ്െടത്തി ദസ്തഗീറിന് വിമാന ടിക്കറ്റ് കൈമാറി. ചടങ്ങില്‍ കേളി സുലൈ ഏരിയ സെക്രട്ടറി ഹസന്‍കോയ ദസ്തഗീറിന് ടിക്കറ്റു നല്‍കി. കേളിയുടെ ഏരിയ കമ്മിറ്റിയംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. വെള്ളിയാഴ്ച ദസ്തഗീര്‍ നാട്ടിലേക്ക് തിരിച്ചു.

സ്വകാര്യ ടാക്സികളില്‍ കയറുന്ന വിദേശികളെ ഇത്തരം തട്ടിപ്പുകള്‍ക്ക് വിധേയമാക്കുന്ന ആഫ്രിക്കന്‍ വംശജരുടെ കഥകള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് ഇത് അല്‍പ്പം കുറഞ്ഞിരുന്നെങ്കിലും വീണ്ടും സജീവമാകുന്നതിന്റെ സൂചനകളാണ് ഇത്. ബത്ഹയിലും സമീപപ്രദേശങ്ങളിലുമുള്ള ബാങ്കുകളുടേയും പണമിടപാട് സ്ഥാപനങ്ങളുടേയും സമീപത്തും ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നവരെ സംഘം ചേര്‍ന്ന് അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും പതിവാകുന്നതായി അനുഭവസ്ഥര്‍ പറയുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍