വെസ്റ് നായാക് സെന്റ് മേരീസ് ദേവാലയത്തില്‍ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ് 14, 15 തീയതികളില്‍
Friday, August 14, 2015 6:03 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട വെസ്റ് നായാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുന്നാളും ഇടവകയുടെ വാര്‍ഷിക പെരുന്നാളും സംയുക്തമായി ഓഗസ്റ് 14, 15 (വെളളി, ശനി) ദിവസങ്ങളില്‍ ആഘോഷിക്കുന്നു. അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത തിരുനാള്‍ കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും.

14നു (വെളളി) വൈകുന്നേരം ആറിനു തിരുനാളിനു കൊടിയേറുന്നതോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് ഡീക്കന്‍ വിവേക് അലക്സ് വചന പ്രഘോഷണം നടത്തും.

15നു (ശനി) രാവിലെ ഒമ്പതിനു പ്രഭാതപ്രാര്‍ഥനയും തുടര്‍ന്ന് അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും. പെരുന്നാളിനോടനുബന്ധിച്ച് വെളളി, ശനി ദിവസങ്ങളില്‍ നടക്കുന്ന റാസ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു കൊഴുപ്പേകും.

പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ഗീവര്‍ഗീസ് ജേക്കബ് അറിയിച്ചു.

റവ. വര്‍ക്കി മുണ്ടയ്ക്കല്‍ കോര്‍ എപ്പിസ്കോപ്പാ (സീനിയര്‍ വൈദികന്‍), റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് (വികാരി), വര്‍ഗീസ് പുതുവാംകുന്നത്ത് (സെക്രട്ടറി), എല്‍മി പോള്‍ (ട്രസ്റി) എന്നിവരുടെ നേതൃത്വത്തില്‍ പളളി മാനേജിംഗ് കമ്മിറ്റി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണു ചെയ്തു വരുന്നത്.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍