ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് കാനഡ അനുസ്മരണ യോഗം നടത്തി
Friday, August 14, 2015 6:00 AM IST
മിസിസൌഗോ: ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബ് കാനഡ ചാപ്റ്റര്‍ അനുസ്മരണ യോഗം നടത്തി. അന്തരിച്ച ഡോ. അബ്ദുള്‍ കലാമിന്റെ ഓര്‍മ പുതുക്കുന്നതിനായി മിസിസോഗ കഅജഇ ഓഫീസില്‍ സംഘടിപ്പിച്ച യോഗം അദ്ദേഹത്തെ ലോകം കണ്ട യുവാക്കളുടെ നേതാവായി വിലയിരുത്തി.

ഇന്ത്യന്‍ ജനതയെ ശാസ്ത്ര വീഥിയിലൂടെ ആകാശ സീമയ്ക്ക് അപ്പുറത്തേക്കുള്ള ലോകത്തിലേക്ക് നയിച്ച സ്വപ്നാടകന്‍, ഇന്ത്യയുടെ കരുത്തുറ്റ രാഷ്ട്രപതി, കുട്ടികളുടെ കൂട്ടുകാരന്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഡോ. കലാമിന്റെ വേര്‍പാട് രാജ്യത്തിനു സംഭവിച്ച തീരാ നഷ്ടങ്ങളില്‍ ഒന്നാണെന്നു യോഗം വിലയിരുത്തി. ആകാശത്തിലെ പറവകളുടെ ചിറകടി കണ്ടു മനസിന്റെ ശാസ്ത്ര നൌക തെളിച്ച ശാസ്ത്രജ്ഞന്റെ വേര്‍പാടില്‍ ലോക ജനതയോടൊപ്പം ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബ് അംഗങ്ങളും ദുഃഖത്തില്‍ പങ്കുചേര്‍ന്നു.

മിസിസൌഗോ ഓഫീസില്‍ നടന്ന ചടങ്ങിനോടൊപ്പം തന്നെ ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്, ലണ്ടന്‍ ഒന്റാരിയോ, ക്യുബക് എന്നിവിടങ്ങളിലെ പ്രസ് ക്ളബ് അംഗങ്ങളും അതാതു കേന്ദ്രങ്ങളില്‍ അന്തരിച്ച കലാമിന്റെ ചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.

യോഗത്തില്‍ പ്രസ് ക്ളബിന്റെ ഇന്റര്‍നാഷണല്‍ സെക്രട്ടറി ജയ്സണ്‍ അധ്യക്ഷത വഹിച്ചു. കാനഡ ചാപ്റ്റര്‍ പ്രസിഡന്റ് ജയശങ്കര്‍ പിള്ള, വൈസ് പ്രസിഡന്റ് ആനി കോശി, ട്രഷറര്‍ അജീഷ് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. ചടങ്ങില്‍ സോണിയ, മോഹന്‍ അരിത്ത്, വിജയ് സേതു മാധവ്, ഡോ. അമിത, ബാലു ഞാലേലില്‍ എന്നിവര്‍ സംബന്ധിച്ചു.

യോഗത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷവും പതാക ഉയര്‍ത്തലും ഓഗസ്റ് 15നു (ശനി) രാവിലെ എട്ടിനു നടത്തുവാനും തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള