സാലിഹ് കൊയ്യോടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Friday, August 14, 2015 5:57 AM IST
മനാമ: പ്രമുഖ സാമൂഹികപ്രവര്‍ത്തനും ബംഗളൂരു എസ്വൈഎസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന സ്വാലിഹ് കൊയ്യോടിന്റെ (42) നിര്യാണത്തില്‍ സമസ്ത ബഹറിന്‍ ഘടകം അനുശോചിച്ചു. സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ മയ്യിത്ത് നമസ്കാരത്തിനും പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കും.

മികച്ച സംഘാടകന്‍കൂടിയായിരുന്ന സ്വാലിഹ്, എസ്വൈഎസിനു പുറമേ കെഎംസിസിയിലും ബംഗളൂരൂവിലെ നിരവധി മലയാളി സംഘടനകളിലും ഭാരവാഹിയായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയായിരുന്നു മരണം. കണ്ണൂര്‍ കൊയ്യോട് മുല്ലപ്പുറത്ത് കുഞ്ഞാമു ഹാജിയുടെയും പാറമ്മല്‍ സുബൈദയുടെയും മകനാണ്. ഭാര്യ: ഷമീല കിണവക്കല്‍. മക്കള്‍; സിനാന്‍, റിയ ഫാത്തിമ, റിന ഫാത്തിമ, സിദാന്‍.

ബംഗളൂരൂവിലെ മലയാളികളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്ന അദ്ദേഹം ബാംഗ്സൂരില്‍ ഇലക്ട്രോണിക് സിറ്റി നൂറുല്‍ ഹുദ്ദാ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ്, കൊയ്യോട് മഹല്‍ ബംഗളൂരൂ ഏരിയാകമ്മിറ്റി സെക്രട്ടറി, ബംഗളൂരു റേഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി ലാന്‍ഡ് മാസ്റര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.

പരേതന്റെ നിര്യാണത്തില്‍ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളടക്കം നിരവധി പ്രമുഖര്‍ അനുശോചിക്കുകയും മയ്യിത്ത് നിസ്കാരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.