തെരുവില്‍ കഴിയുന്ന മലയാളിയെ നാട്ടിലയയ്ക്കാമെന്നു സ്പോണ്‍സര്‍
Friday, August 14, 2015 5:25 AM IST
റിയാദ്: മനോവിഭ്രാന്തിയില്‍ രണ്ടു മാസമായി റിയാദിലെ ശുസിൈയില്‍ തെരുവോരത്തു കഴിയുന്ന കൊല്ലം സ്വദേശി സാജന്‍ വര്‍ഗീസ് എന്ന ദനേഷ്കുമാറി (44) നെ നാട്ടിലെത്തിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകരെ സഹായിക്കാമെന്നു അദ്ദേഹത്തിന്റെ സ്പോണ്‍സര്‍ അറിയിച്ചതായി ജീവകാരുണ്യ പ്രവര്‍ത്തകനായ മുനീബ് പാഴൂര്‍ പറഞ്ഞു. മാനസികരോഗിയായ മലയാളി തെരുവോരത്തു കഴിയുന്നതായ വാര്‍ത്ത ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സാജന്‍ വര്‍ഗീസിനെ സന്ദര്‍ശിച്ച മുനീബ് പാഴൂര്‍ അദ്ദേഹത്തില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു സ്പോണസറുമായി ബന്ധപ്പെട്ടത്. ഒരു മാസത്തിലധികമായി ഇവര്‍ക്ക് സോഷ്യല്‍ മീഡിയയിലെ ഒരു മലയാളി കൂട്ടായ്മയിലെ അംഗങ്ങളും ചില സാമൂഹ്യ പ്രവര്‍ത്തകരുമായിരുന്നു ഭക്ഷണവും വസ്ത്രവുമെല്ലാം നല്‍കി പരിചരിച്ചത്.

വര്‍ഷങ്ങളായി സൌദി അറേബ്യയിലുള്ള സാജന്‍ വര്‍ഗീസിന്റെ ശരിയായ പേര്‍ ദനേഷ്കുമാന്‍ എന്നാണെന്നു പറയുന്നു. 2009 ല്‍ മാനസികവിഭ്രാന്തി കാണിച്ചതിനെത്തുടര്‍ന്നാണു സുഹൃത്തുക്കളും ബന്ധുക്കളും ഇടപെട്ട് അദ്ദേഹത്തെ നാട്ടിലയച്ചത്. പിന്നീട് ആറു മാസത്തിനുശേഷം മറ്റൊരു വീസയില്‍ തിരിച്ചെത്തി റിയാദില്‍ സ്പോണ്‍സറുടെ സഹകരണത്തോടെ ജോലി ചെയ്തു വരികയായിരുന്നു. സ്പോണ്‍സറുമായി കൂട്ടുകച്ചവടമായിരുന്നെന്നും തനിക്ക് ഒരു ലക്ഷത്തോളം രൂപ സാജന്‍ തരാനുണ്െടന്നും നിലവിലെ സ്പോണ്‍സര്‍ പറഞ്ഞതായി മുനീബ് അറിയിച്ചു. പണം നല്‍കാന്‍ കഴിയുന്ന മാനസികാവസ്ഥയിലല്ല സാജനെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ നാട്ടിലയക്കണമെന്നും പറഞ്ഞപ്പോള്‍ നേരിട്ടു വരാമെന്നും നാട്ടിലയയ്ക്കാന്‍ വേണ്ടതു ചെയ്യാമെന്നും സ്പോണ്‍സര്‍ സമ്മതിച്ചതായി മുനീബ് പറഞ്ഞു.

ശുമൈസിയിലെ മറ്റു രണ്ടു മലയാളികളോടൊപ്പം താമസിച്ചു ജോലി ചെയ്തുവന്ന സാജന്‍ വര്‍ഗീസിനെ മാനസികരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു അവര്‍ ഇറക്കി വിടുകയായിരുന്നു. പിന്നീടാണ് ശുമൈസിയിലെ വഴിയോരത്തെ കോണ്‍ക്രീറ്റ് ബെഞ്ചില്‍ താമസമാരംഭിച്ചത്. മലയാളിയാണെന്നു മനസിലാക്കി വിവരങ്ങള്‍ അന്വേഷിക്കാനെത്തുന്നവരോടു പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്ന സാജനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ആര്‍ക്കും ലഭ്യമായിരുന്നില്ല. പണ്ട് അദ്ദേഹം റസ്ററന്റ് നടത്തിയിരുന്നതായും പിന്നീട് മറ്റ് ബിസിനസുകള്‍ സ്വന്തമായി ചെയ്തിരുന്നതായും സുഹൃത്തുക്കളില്‍ പറഞ്ഞു. താമസരേഖകളൊന്നും കയ്യിലില്ലാതിരുന്ന സാജന്റെ പാസ്പോര്‍ട്ട് കോപ്പി പിന്നീടു ലഭിച്ചതായി സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജോര്‍ജ് കുട്ടി മാക്കുളത്തും അലക്സ് കൊട്ടാരക്കര, ഖമറുദ്ദീന്‍ താമരക്കുളം തുടങ്ങിയവരും ഇദ്ദേഹത്തിനു ഭക്ഷണം നല്‍കുന്നതിനും മറ്റും സഹായത്തിനുണ്ടായിരുന്നു.

ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ വിഭാഗം ആവശ്യപ്പെട്ടതു പ്രകാരമാണ് മുനീബ് പാഴൂര്‍ സാജനെ നാട്ടിലയക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. റിയാദ് മെട്രോ പ്രൊജക്ടില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്ന സാജന്‍ വര്‍ഗീസിന്റെ സഹപ്രവര്‍ത്തകരേയും സുഹൃത്തുക്കളെയും കണ്െടത്തിയതായും സ്പോണ്‍സറുടെയും ഇവരുടെയും സഹകരണത്തോടെ ഉടന്‍ സാജനെ നാട്ടിലയയ്ക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുനീബ് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍