അരിസോണയില്‍ 'ഓണം പൊന്നോണം 2015' ഓഗസ്റ് 23-നു
Friday, August 14, 2015 5:24 AM IST
ഫീനിക്സ്: കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ അതിവിപുലമായി ഓഗസ്റ് 23-നു (ഞായറാഴ്ച) കൊണ്ടാടും. രാവിലെ പതിനൊന്നിനു പരമ്പരാഗത രീതിയില്‍ പാചകംചെയ്യുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ക്ക് ഇന്തോ-അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റര്‍ വേദിയാകും.

ഉച്ചയ്ക്കു രണ്േടാടെ അത്തപ്പൂക്കളം ഒരുക്കി മുത്തുക്കുട, വഞ്ചിപ്പാട്ട്, വാദ്യമേളം, എന്നിവയുടെ അകമ്പടിയോടു കൂടി താലപ്പൊലിയേന്തിയ അംഗനമാര്‍ മാവേലിമന്നനെ വേദിയിലേക്കു സ്വീകരിച്ചാനയിച്ചു നിറദീപം തെളിക്കുന്നതോടെ കലാ-സാംസ്കാരിക സമ്മേളനത്തിന് ആരംഭമാകും. തുടര്‍ന്നു കേരളത്തിന്റെ പാരമ്പര്യവും, പൈതൃകവും, വിളിച്ചോതുന്ന വിവിധ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. പ്രസിദ്ധമായ ആറന്മുള വഞ്ചിപ്പാട്ട്, ചെണ്ടമേളം, തിരുവാതിര, ഗാനങ്ങള്‍ അരിസോണയിലെ വിവിധ നാട്യകലാക്ഷേത്രങ്ങളിലെ പ്രതിഭകളുടെ നൃത്യനൃത്യങ്ങള്‍ എന്നിവ ആഘോഷത്തെ കൂടുതല്‍ വര്‍ണാഭമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു രാജേഷ് ബാബാ (602 317 3082), ശ്രീകുമാര്‍ കൈതവന (480 240 0310).

റിപ്പോര്‍ട്ട്: മനു നായര്‍