വാഷിംഗ്ടണ്‍ ഡിസിയില്‍ ശ്രീനാരായണ മിഷന്‍ സെന്ററിന്റെ ഓണവും ചതയവും ഓഗസ്റ് 22ന്
Thursday, August 13, 2015 6:23 AM IST
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ മിഷന്‍ സെന്ററിന്റെ (എസ്എന്‍എംസി) വാര്‍ഷിക യോഗം ശിവഗിരിമഠം ശ്രീനാരായണ ധര്‍മസംഘം ട്രസ്റിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വാമി ഗുരു പ്രസാദിന്റെ നേതൃത്വത്തില്‍ നടക്കും.

എസ്എന്‍എംസിയുടെ പ്രസിഡന്റായ ലക്ഷ്മിക്കുട്ടി പണിക്കര്‍ ശ്രീനാരായണ മിഷന്‍ സെന്ററിന്റെ 2015-16 കാര്യപരിപാടികളുടെ രൂപരേഖ അവതരിപ്പിച്ച് പൊതുയോഗത്തിന്റെ അംഗീകാരം നേടി.

ശ്രീനാരായണ മിഷന്‍ സെന്ററിന്റെ ഈ വര്‍ഷത്തെ ഓണവും ചതയദിനാഘോഷ ചടങ്ങുകളും മേരിലാന്‍ഡിലെ ലാത്തുള്ള 6095 സിപ്രിയാനോ റോഡിഡിലുള്ള ശിവ-വിഷ്ണു ഓഡിറ്റോറിയത്തില്‍ ഓഗസ്റ് 22നു (ശനി) നടക്കും.

മേരിലാന്‍ഡിലെയും വെര്‍ജീനിയായിലെയും വാഷിംഗ്ടണ്‍ ഡിസിയിലെയും 150ല്‍ പരം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന കലാവിരുന്നില്‍ വിവിധ നൃത്ത പരിപാടികളും നാടകങ്ങളും അരങ്ങേറും. ഗുരുദേവപ്രതിമ വേദിയില്‍ പ്രതിഷ്ഠിച്ച ശേഷം രാവിലെ 11.30നു പരമ്പരാഗത രീതിയില്‍ വാഴയിലയില്‍ സദ്യ വിളമ്പുന്നതോടെ ആഘോഷങ്ങള്‍ ആരംഭിക്കും.

ഉച്ചകഴിഞ്ഞ് 1.30നു കലാപരിപാടികള്‍ക്ക് അഭിനേതാവും നാടകകൃത്തുമായ ക്രിസ് ദിവാകരന്‍ നേതൃത്വം നല്‍കും. വിവിധ രീതിയിലുള്ള നൃത്താവതരണവും നാടകങ്ങളും ഏകാംഗികളും ടാബ്ളോകളും ഗാനാലാപനങ്ങളും പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയിലേക്കുള്ള പ്രവേശനം സൌജന്യമാണെന്ന് എസ്എന്‍എംസി പ്രസിഡന്റ് ലക്ഷ്മിക്കുട്ടി പണിക്കര്‍ അറിയിച്ചു.