നോര്‍ക്കയുടെ പ്രവര്‍ത്തനം പ്രവാസ ലോകത്തിനു നിരാശാജനകം: നവയുഗം
Wednesday, August 12, 2015 6:16 AM IST
ജുബൈല്‍: നോര്‍ക്കയുടെ പ്രവര്‍ത്തനം പ്രവാസലോകത്തിനു നിരാശ മാത്രമേ നല്‍കിയിട്ടുള്ളൂവെന്നു ജുബൈല്‍ ക്ളാസിക് ഓഡിറ്റോറിയത്തില്‍ നവയുഗം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

നിതാഖത്തില്‍പ്പെട്ട് നാടണയേണ്ടി വന്ന പതിനായിരക്കണക്കിനു കുടുംബങ്ങള്‍ ഇന്ന് ഏറെ ജീവിത പ്രയാസത്തിലാണ്. പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് അന്നു പ്രഖ്യാപിച്ചത്. സ്വയം തൊഴില്‍ കണ്െടത്തുന്നതിനുവേണ്ടി അടിയന്തരമായി ഫണ്ട് അനുവദിക്കുമെന്നു പറഞ്ഞു സ്വീകരിച്ച പതിനായിരക്കണക്കിനു അപേക്ഷകള്‍ നോര്‍ക്കയില്‍ കെട്ടിക്കിടക്കുകയാണ്. ഇതു നേടിയെടുക്കുന്നതിനുവേണ്ടി കേരള പ്രവാസി ഫെഡറേഷന്‍ നിരന്തര പ്രക്ഷോഭ സമരത്തിലാണ്. പ്രവാസ പെന്‍ഷന്‍ തുക രണ്ടായിരം രൂപയാക്കുമെന്നു പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാര്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. അഴിമതി മുഖമുദ്രയാക്കി ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന കേരള സര്‍ക്കാരിന്റെയും രാജ്യത്തിന്റെ ജനാധിപത്യ മതേതര സംവിധാനത്തെ തകര്‍ത്തുകൊണ്ട് ഫാസിസത്തിലേക്കു ഇന്ത്യയെ നയിക്കാന്‍ ശ്രമിക്കുന്ന മോദിസര്‍ക്കാരിന്റെയും നിലപാടുകള്‍ക്കെതിരേ അണിചേരണമെന്നു സമ്മേളനം ആഹ്വാനം ചെയ്തു. നവയുഗം ജുബൈല്‍ കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ടി.പി. റഷീദിന്റെ അധ്യക്ഷതയില്‍ ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം നവയുഗം ജുബൈല്‍ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.എ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

നോര്‍ക്കയുടെ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ദമാം കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.ആര്‍. അജിത് മുഖ്യ പ്രഭാഷണം നടത്തി. പുഷ്പകുമാര്‍, ഉദയ് ബി. നായര്‍, എം.എസ്. മുരളി, ഷാജി വളവില്‍, മധു കണ്ണൂര്‍, ഷാന്‍ പേഴുംമൂട് എന്നിവര്‍ പ്രസംഗിച്ചു. നവയുഗം കുടുംബവേദി സെക്രട്ടറി എം.ജി. മനോജ് സ്വാഗതവും വൈസ് പ്രസിഡന്റ് രാജന്‍ ജോസഫ് നന്ദിയും പറഞ്ഞു. ജ്യോതി തോട്ടുംകട, രഞ്ജിത്ത്, ബിട്ടോ അറക്കല്‍, ശ്രീജിത്ത്, ജോര്‍ജ്, ഷാഫി താനൂര്‍, അനീഷ്, ബി.കെ. ദിനദെവ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം