മല്ലപ്പള്ളിയിലേക്കു വീണ്ടും വോളിബോള്‍ ആരവം; ആവേശം ഷിക്കാഗോയിലും
Wednesday, August 12, 2015 5:02 AM IST
ഷിക്കാഗോ: മുന്‍ വോളിബോള്‍ താരം പ്രയാറ്റുകുന്നേല്‍ കുട്ടപ്പന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചു ഏര്‍പ്പെടുത്തുന്ന എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് മല്ലപ്പള്ളിയില്‍ നടക്കും.

നാട്ടിലും ഇവിടെ വിവിധ പ്രദേശങ്ങളിലും നടക്കുന്ന വോളിബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ കായികപ്രേമികളില്‍ എത്തിക്കുന്നതില്‍ ഷിക്കാഗോ മലയാളി വോളിബോള്‍ ഫാന്‍സ് അസോസിയേഷന്റെ പങ്ക് പ്രശംസനീയമാണ്. അതുകൊണ്ടുതന്നെ മത്സരം നാട്ടിലാണെങ്കിലും ഇവിടെയും ആവേശത്തിനും ആകാംഷയ്ക്കും ഒട്ടും കുറവില്ല. ഇക്കൂട്ടത്തില്‍ പ്രയാറ്റുകുന്നേല്‍ വര്‍ക്കിയുടെ പിന്‍തലമുറക്കാരുമുണ്െടന്നതു ശ്രദ്ധേയം. വര്‍ക്കിയുടെ കുടുംബാംഗമായ പ്രയാറ്റുകുന്നേല്‍ കുട്ടപ്പന്റെ മക്കളും വോളിബോള്‍ താരങ്ങളായ പ്രിന്‍സും പ്രദീപും പ്രവീണുമൊക്കെ നാട്ടിലെ ഉത്സാഹം ഇവിടെ വോളികോര്‍ട്ടുകളിലും മത്സരവേദികളിലും ഉറപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ത്തന്നെ. കുട്ടപ്പന്റെ കൊച്ചുമക്കളായ നിഥിനും നെയ്ഥനും റയാനുമാണു പുതുതലമുറയില്‍ വോളിപാരമ്പര്യം വിളക്കിച്ചേര്‍ക്കുന്ന കണ്ണികള്‍.

ഓഗസ്റ് 23 മുതല്‍ 27 വരെ നെടുങ്ങാടപ്പള്ളി സിഎംഎസ് ഹൈസ്കൂളില്‍ മോടയില്‍ എം.ഐ ജേക്കബ് സ്മാരക ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. മല്ലപ്പള്ളി വൈഎംസിഎയാണു സംഘാടകര്‍. ദിവസേന വൈകിട്ട് ആറരയ്ക്കാണു മത്സരങ്ങള്‍. പ്രവേശം സൌജന്യമാണെന്നും പ്രസിഡന്റ് ബാബു കൊച്ചിക്കുഴിയും സെക്രട്ടറി റിനോ കോഴികുന്നത്തും അറിയിച്ചു. വിവരങ്ങള്‍ക്കു ജനറല്‍ കണ്‍വീനര്‍ കൊച്ചുമോന്‍ വടക്കേപ്പറമ്പിലുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം