'ചരിത്രം കാതോര്‍ക്കുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം' ഡോക്യുമെന്ററി ഉദ്ഘാടനം ഓഗസ്റ് 15ന്
Tuesday, August 11, 2015 4:55 AM IST
തിരുവനന്തപുരം: ഭാരതത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ചരിത്രം സംബന്ധിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിബായി തമ്പുരാട്ടി രചിച്ച പുസ്തകത്തെ അടിസ്ഥാനമാക്കി തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ഗള്‍ഫ് ചാപ്റ്റര്‍ തയാറാക്കുന്ന 'ചരിത്രം കാതോര്‍ക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രം' ഡോക്യുമെന്ററി പ്രോജക്ടിന്റെ ഉദ്ഘാടനം ഓഗസ്റ് 15നു (ശനി) നടക്കും.

രാവിലെ 10.30നു കവടിയാര്‍ കൊട്ടാരത്തില്‍ നടക്കുന്ന കവയത്രി സുഗതകുമാരി നിര്‍വഹിക്കും. സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദൈവമാണ്. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയും സംവിധായകനുമായ തിരുവിതാംകൂര്‍ മഹാരാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ക്ഷേത്രം ഇന്നു കാണുന്നവിധം പുനരുദ്ധരിച്ചത്. ശ്രീ പത്മനാഭന്റെ കടുത്ത ഭക്തനായിരുന്ന അദ്ദേഹം കൊല്ലവര്‍ഷം 925 മകരം അഞ്ച് (1750 ജനുവരി 17) ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടത്തിയ 'തൃപ്പടിദാനത്തിലൂടെ' തിരുവിതാംകൂര്‍ രാജ്യം പൂര്‍ണമായി ശ്രീപത്മനാഭന് അടിയറവച്ചു. തിരുവിതാംകൂര്‍ രാജവംശവും ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും തമ്മിലുള്ള ബന്ധം വേര്‍പിരിയാനാവാത്തതാണ്.

ശ്രീ പത്മനാഭദാസ പദവിയുടെ പരിശുദ്ധിയും പ്രഭാവവും ജീവിതാന്ത്യംവരെ സംരക്ഷിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രം തെറ്റിദ്ധരിക്കപ്പെടുന്ന കാലഘട്ടത്തില്‍, സത്യസന്ധമായ ചരിത്രം പുതുതലമുറയ്ക്ക് പകരുന്നതിന് തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ രക്ഷാധികാരി അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിബായിയുടെ നേതൃത്വത്തില്‍ മതിലകം രേഖകളും ചരിത്ര പണ്ഡിതന്മാരുടെ സാക്ഷ്യങ്ങളും സമുന്നയിപ്പിച്ച് തയാറാക്കുന്ന തിരുവിതാംകൂര്‍ ചരിത്ര പഠനചിത്രമാണ് ഈ ഡോക്കുമെന്ററിയെന്ന് തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ഭാരവാഹികളായ ഡോ. ആര്‍.പി. രാജ, ഏബ്രഹാം പി. സണ്ണി, ഡയസ് ഇടിക്കുള, ഉമാ മഹേശ്വരി, പ്രസാദ് വര്‍മ്മ, പ്രതാപ് കിഴക്കേമഠം, മഹേഷ് തമ്പി, ബിജു പ്രവീണ്‍ എന്നിവര്‍ പറഞ്ഞു. യൂണിവേഴ്സല്‍ കിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്.

വിവരങ്ങള്‍ ംംം.ാരഴൌഹള.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.