ഏബ്രഹാം ലിങ്കന്റെ ഗറ്റീസ്ബര്‍ഗിലെ പ്രസംഗപീഠം ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്കായി ഒരുങ്ങുന്നു
Tuesday, August 11, 2015 4:52 AM IST
ഫിലാഡല്‍ഫിയ: 'ഗറ്റീസ്ബര്‍ഗ് അഡ്രസ്' എന്ന പേരില്‍ പിന്നീട് വിഖ്യാതമായ പ്രസംഗം 1863 നവംബര്‍ 19നു (വ്യാഴം) അമേരിക്കന്‍ ജനതക്കു നല്‍കിയ പ്രസിഡന്റ് ഏബ്രാഹം ലിങ്കണ്‍ അന്നു ഗറ്റീസ്ബര്‍ഗില്‍ ഉപയോഗിച്ച പ്രസംഗപീഠം 152 വര്‍ഷങ്ങള്‍ക്കുശേഷം ഫിലാഡല്‍ഫിയായില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസംഗപീഠമാകാന്‍ പോകുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഏബ്രാഹം ലിങ്കണ്‍ 1863 നവംബര്‍ 19നു പെന്‍സില്‍വേനിയായിലെ ഗറ്റീസ്ബര്‍ഗില്‍ നടത്തിയ ഹൃസ്വവും അര്‍ഥസമ്പുഷ്ടവുമായ പ്രസംഗം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളിലൊന്നാണ്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതവിപ്ളവമായ സിവില്‍ വാര്‍ നയിക്കാനുള്ള നിയോഗം കിട്ടിയ വ്യക്തിയും ആഭ്യന്തര സമരത്തിനൊടുവില്‍ അടിമത്തം നിര്‍ത്തലാക്കി അമേരിക്കന്‍ ഗവണ്‍മെന്റിനെ സാമ്പത്തികമായി ശക്തിപ്പെടുത്തിയത് 16-ാമത്തെ പ്രസിഡന്റായിരുന്ന ഏബ്രാഹം ലിങ്കണായിരുന്നു.

അമേരിക്കന്‍ സിവില്‍ വാര്‍ നടക്കുന്ന സമയത്ത് പെന്‍സില്‍വേനിയായിലെ ഗറ്റീസ്ബര്‍ഗില്‍ യൂണിയന്‍ സൈന്യവും കോണ്‍ഫെഡറേറ്റ് സൈന്യവും തമ്മില്‍ 1863 ജൂലൈ ഒന്നു മുതല്‍ മൂന്നു വരെ നടന്ന ഗറ്റീസ്ബര്‍ഗ് യുദ്ധത്തില്‍ യൂണിയന്‍ പക്ഷം വിജയം വരിച്ചു. ഏറ്റവും കൂടുതല്‍ ആള്‍നാശം സംഭവിച്ച ഈ യുദ്ധത്തില്‍ മരിച്ചുവീണ പട്ടാളക്കാരെ സംസ്കരിക്കാന്‍ ഗറ്റീസ്ബര്‍ഗില്‍ പണിതുയര്‍ത്തിയ ദേശീയ സെമിത്തേരിയുടെ പ്രതിഷ്ഠാകര്‍മം യുദ്ധം കഴിഞ്ഞ് നാലരമാസങ്ങള്‍ക്കുശേഷം നിര്‍വഹിച്ചുകൊണ്ട് പ്രസിഡന്റ് ഏബ്രാഹം ലിങ്കണ്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം ഇന്നും അമേരിക്കന്‍ ചരിത്രത്തില്‍ അതുല്യ സ്ഥാനം പിടിച്ചിട്ടുണ്ട്. യുദ്ധഭൂമിയുടെ ഒരു ഭാഗം പട്ടാളക്കാരുടെ സെമിത്തേരിയാക്കിക്കൊണ്ട് ലിങ്കണ്‍ വികാരഭരിതനായി രാഷ്ട്രത്തിനു നല്‍കിയ രണ്ടുമിനിറ്റ് മാത്രം നീണ്ട ആ പ്രസംഗം അവസാനിക്കുന്നതിങ്ങനെയാണ്. 'ദൈവപരിപാലനയിലുള്ള ഈ രാജ്യം ഇന്ന് സ്വാതന്ത്യ്രത്തിന്റെ പുതുജീവന്‍ അനുഭവിക്കുന്നു. ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണ്‍മെന്റ് ഭൂമുഖത്തുനിന്ന് ഒരിക്കലും നശിക്കുകയില്ല'. അമേരിക്കന്‍ സ്വാതന്ത്യ്രത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ലിങ്കന്റെ ഹൃസ്വ പ്രസംഗം.

152 വര്‍ഷങ്ങള്‍ക്കുശേഷം ഗറ്റീസ്ബര്‍ഗ് പ്രസംഗത്തിനു ലിങ്കണ്‍ ഉപയോഗിച്ച അതേപ്രസംഗപീഠത്തില്‍നിന്നുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഫിലാഡല്‍ഫിയ പര്യടനത്തിനിടയില്‍ ഇന്‍ഡിപെന്‍ഡന്‍സ് ഹാളില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. മതസ്വാതന്ത്യ്രം, ഇമിഗ്രേഷന്‍ എന്നിവയായിരിക്കും മാര്‍പാപ്പയുടെ പ്രസംഗവിഷയം. വളരെ ഭദ്രമായി സൂക്ഷിക്കുന്ന ഈ പ്രസംഗപീഠം ഏബ്രഹാം ലിങ്കണിനുശേഷം ആദ്യമായിട്ടാണ് ഒരു ലോക നേതാവിനു പ്രസംഗത്തിനായി വിട്ടുകൊടുക്കുന്നത് എന്നറിയുമ്പോള്‍ അതിന്റെ മൂല്യവും പവിത്രതയും നമുക്കു മനസിലാക്കാം. വേള്‍ഡ് മീറ്റിംഗ് ഭാരവാഹികളും യൂണിയന്‍ ലീഗ് ഓഫ് ഫിലാഡല്‍ഫിയായുടെ ഭാരവാഹികളും സംയുക്തമായി പ്രസ്താവിച്ചതാണീ വിവരം.

ഏബ്രാഹം ലിങ്കണും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും അധികം സമാനതകള്‍ ഇല്ലെങ്കിലും ചില കാര്യങ്ങളില്‍ രണ്ടുപേരും സദൃശരാണ്. പ്രകൃതിയിലെ ജീവജാലങ്ങളോട് പ്രത്യേക സ്നേഹം കാണിച്ചിരുന്ന മൃഗസ്നേഹിയായിരുന്നു ലിങ്കണ്‍. ഫ്രാന്‍സിസ് പാപ്പയാകട്ടെ, മൃഗങ്ങളുടെ പുണ്യവാളനെ തന്നെ വിലക്കെടുത്തു. മൃഗസ്നേഹിയായിരുന്ന ഫ്രാന്‍സിസ് അസീസിയുടെ നാമമാണ് മാര്‍പാപ്പയായ ഉടന്‍ അദ്ദേഹം സ്വീകരിച്ചത്. നമ്മുടെ പൊതുഭവനമായ ഈ പ്രപഞ്ചത്തിലെ ഓരോ സമ്പത്തും വളരെ ശ്രദ്ധാപൂര്‍വം ഉപയോഗിക്കണമെന്നും വരും തലമുറകള്‍ക്കായി അതിന്റെ സമ്പത്തുകള്‍ കരുതിവയ്ക്കണമെന്നും ഉദ്ബോധിപ്പിച്ചുകൊണ്ട് ചാക്രികലേഖനം പുറപ്പെടുവിച്ച ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

ലിങ്കണും ഫ്രാന്‍സിസ് മാര്‍പാപ്പയും സ്ത്രീസമത്വത്തിനായി വാദിച്ചവരാണ്. സ്ത്രീകള്‍ക്ക് വോട്ടവകാശത്തിനായി ആഹ്വാനം ചെയ്ത ആദ്യ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ലിങ്കണ്‍. ഫ്രാന്‍സിസ് പാപ്പയാകട്ടെ, പുരുഷന്മാര്‍ക്കൊപ്പം തുല്യജോലിക്ക് സ്ത്രീകള്‍ക്കും തുല്യ വേതനത്തിനര്‍ഹതയുണ്ട് എന്നു വാദിച്ചു. ലിങ്കണ്‍ രൂപം കൊടുത്ത സീക്രട്ട് സര്‍വീസിന്റെ പരിരക്ഷയിലായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കന്‍ തീര്‍ഥാടനത്തിലുടനീളം.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍