ദൈവവിശ്വാസം വളര്‍ത്തുക: മാര്‍ ബര്‍ണബാസ്
Monday, August 10, 2015 8:16 AM IST
ബ്രാംപ്ടണ്‍: പാശ്ചാത്യ സംസ്കാരത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ മലയാളത്തെയും സ്നേഹിക്കുവാനും ഉള്‍ക്കൊള്ളാനും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും കുട്ടികളിലേക്കു പകര്‍ന്നു കൊടുക്കുവാനും രക്ഷിതാക്കള്‍ ശ്രമിക്കേണ്ടാതാണ്. അതുവഴി ഉറച്ച കുടുംബബന്ധങ്ങള്‍, സാഹോദര്യ മനോഭാവം എന്നിവ വളര്‍ത്താന്‍ ഉപകരിക്കും. പത്തു ദിവസത്തെ കാനഡ സന്ദര്‍ശനത്തിനെത്തിയ സീറോ മലങ്കര ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് അഭിപ്രായപ്പെട്ടു.

ലോക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ മത-ജാതി-ഭാഷാ വിഭാഗങ്ങളുള്ള ഇന്ത്യയില്‍ മാത്രമാണ് കെട്ടുറപ്പുള്ള ഉറച്ച കുടുംബബന്ധങ്ങള്‍ കാണാന്‍ കഴിയുന്നതു നമുക്ക് അഭിമാനിക്കാവുന്നതാണ്.

പുരോഹിത ജീവിതം തുടങ്ങിയ കാലം മുതല്‍ ബിഷപ് പദവിയിലേക്ക് എത്തുന്നതുവരെയുള്ള ത്യാഗാനുഭവങ്ങള്‍ മാര്‍ ബര്‍ണബാസ് വിവരിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന ദാരിദ്രം, തൊഴിലില്ലായ്മ, പാര്‍പ്പിടമില്ലായ്മ എന്നിവയില്‍ അതീവ ദുഃഖിതനായ ബിഷപ് അവരെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതന്‍ ആണെന്നും വ്യക്തമാക്കി. ചേരി നിവാസികളായ കുട്ടികള്‍ക്കുവേണ്ടി പ്രാഥമിക വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒഡീഷ കൂടാതെ പഞ്ചാബിലേക്കും കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നു. സന്തോഷപരമായ കുടുംബ സാമൂഹിക പശ്ചാത്തലം ഒരുക്കി എടുക്കുന്നതില്‍ എല്ലാ മനുഷ്യരും ജാതി മത ഭേദമന്യേ ദൈവവിശ്വാസം വളര്‍ത്തുകയും അത് നമ്മുടെ വരുംതലമുറയിലെ കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയകള്‍ ലോക വളര്‍ച്ചയുടെ ഭാഗമാണെന്നും അതിനെ നാം നല്ല കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കേണ്ടതാണ്. ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും നന്മ കൈവരട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണു മാര്‍ ബര്‍ണബാസ് പ്രഭാഷണം അവസാനിപ്പിച്ചത്.

ബ്രാംപ്ടണ്‍ സെന്റ് മേരീസ് ചര്‍ച്ചില്‍ പ്രാര്‍ഥനയും പ്രഭാഷണവും നടത്തി. വരും ദിവസങ്ങളില്‍ ഒന്റാരിയോവിലെ മറ്റു പ്രധാന പള്ളികളില്‍ക്കൂടി പ്രാര്‍ഥനകള്‍ നടത്തി ഒരാഴ്ചയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങും.

ഭൂരിഭാഗം സ്പാനിഷുകാരും ഫിലിപ്പീന്‍സുകാരും നിറഞ്ഞ ദേവാലയത്തില്‍ ഭക്തര്‍ക്ക് ബിഷപ്പിന്റെ പ്രഭാഷണം ഒരു പ്രത്യേക അനുഭൂതിയായി.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള