മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു
Monday, August 10, 2015 5:37 AM IST
ജിദ്ദ: മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ വലക്കണ്ടി സ്വദേശി മുഹമ്മദ് കുട്ടി(48) സൌദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ദവാത്മിയില്‍നിന്നു 170 കിലോമീറ്റര്‍ അകലെ ബിജാദിയ എന്ന സ്ഥലത്താണ് അപകടം. ദവാത്മിയിലെ അബൂറിഷ് എന്ന ബേക്കറി ഷോപ്പില്‍നിന്ന് സാധനങ്ങളുമായി റഫായ എന്ന സ്ഥലത്തേക്കു വാനില്‍ പോകവേയാണു ബിജാദിയയില്‍ വച്ച് ഡയന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ മുഹമ്മദ്കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ദവാത്മി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ഖബറടക്കം നാട്ടില്‍ നടത്താന്‍ ശ്രമം നടത്തിവരുന്നു. അനന്തര നടപടിക്രമങ്ങള്‍ക്കു കെ.ടി. ബിച്ചാപ്പു, ഷാനു, സലിം തുടങ്ങിയവരാണു രംഗത്തുള്ളത്.

പത്തു വര്‍ഷത്തോളമായി സൌദിയിലുള്ള മുഹമ്മദ്കുട്ടി കഴിഞ്ഞ മൂന്നു വര്‍ഷമായി സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. അവധി കഴിഞ്ഞു രണ്ടു മാസം മുമ്പാണു തിരിച്ചെത്തിയത്.

ഭാര്യ: ഫാത്തിമ. മൂന്നു കുട്ടികള്‍ ഉണ്ട്.