ഇരട്ടനീതിയുടെ ആശങ്കകള്‍ പങ്കുവച്ച് സോഷ്യല്‍ ഫോറം സെമിനാര്‍
Monday, August 10, 2015 5:37 AM IST
ജിദ്ദ: ജനാധിപത്യത്തില്‍ പിടിമുറുക്കുന്ന ഫാസിസ്റ് ശക്തികളുടെ ഹിഡന്‍ അജന്‍ഡകള്‍ നടപ്പാക്കുന്നതിനു നീതിന്യായ വ്യവസ്ഥയുടെ അന്തഃസത്ത തകിടം മറിച്ച് ഇരട്ടനീതി നടപ്പിലാവുന്നതിന്റെ ആശങ്കകള്‍ പങ്കുവച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരളഘടകം സെമിനാര്‍ സംഘടിപ്പിച്ചു.

ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ 'യാക്കൂബ് മേമന്‍; നീതി തൂക്കിലേറ്റപ്പെട്ടുവോ' എന്ന ശീര്‍ഷകത്തില്‍ നടന്ന സെമിനാറില്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുള്‍ ഗനി മലപ്പുറം വിഷയാവതരണം നടത്തി. ഇന്ത്യന്‍ ജുഡീഷ്യറിയെ വിശ്വസിച്ച് കീഴടങ്ങാന്‍ തയാറായ യാക്കൂബ് മേമനെ 21 വര്‍ഷത്തെ തടവിനു ശേഷം തൂക്കിലേറ്റിയ നടപടി രാജ്യത്തെ പൌരന്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശമാണു നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കലാപങ്ങളും അക്രമപരമ്പരകളും നടത്തിയവര്‍ സ്വൈര്യവിഹാരം നടത്തുകയാണ്. കുറ്റക്കാര്‍ രക്ഷപ്പെടുകയും കുറ്റാരോപിതര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് ഭരണഘടന മൂല്യങ്ങളുടേയും നീതിന്യായ സംവിധാനത്തിന്റെയും തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.ടി. ഷരീഫ് മാസ്റര്‍ തിരൂര്‍ക്കാട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദ കേരള ഘടകം പ്രസിഡന്റ് ഇഖ്ബാല്‍ ചെമ്പന്‍ അധ്യക്ഷത വഹിച്ചു.

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി സി.കെ. മൊറയൂര്‍, പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെക്രട്ടറി മെഹബൂബ് പത്തപ്പിരിയം, സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുള്‍ ഹക്കീം കണ്ണൂര്‍, ഫ്രട്ടേണിറ്റി ഫോറം പ്രതിനിധി നൌഷാദ് വേങ്ങര എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ കടുങ്ങല്ലൂര്‍ സ്വാഗതവും റാഫി ബിമാപ്പള്ളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍