കുവൈറ്റ് കല ട്രസ്റ് അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്
Monday, August 10, 2015 5:36 AM IST
തിരുവനന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ-സാസ്കാരിക കൂട്ടായ്മയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന തിരുവന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കലാ ട്രസ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സാംബശിവന്‍ സ്മാരക പുരസ്കാരത്തിനു പ്രശസ്ത ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പിയെ തെരഞ്ഞെടുത്തു. ഓഗസ്റ് 16-ന് ഉച്ചയ്ക്ക് 2.30നു പത്തനംതിട്ടയിലെ കോഴഞ്ചേരി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും.

മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങള്‍ രചിച്ച ശ്രീകുമാരന്‍ തമ്പി, പ്രണയഗാനങ്ങളെഴുതുന്നതില്‍ അസാമാന്യവൈഭവം പുലര്‍ത്തിപ്പോന്നുവെന്നും അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി പറഞ്ഞു. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു അവാര്‍ഡ്. മുപ്പതു സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ടു സിനിമകള്‍ക്കുവേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. ഇരുപത്തിരണ്ടു ചലച്ചിത്രങ്ങളും ആറു ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചിട്ടുണ്ട്. നാലു കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ്. ചലച്ചിത്രങ്ങള്‍ക്കു പുറമേ, ടെലിവിഷന്‍ പരമ്പരകള്‍ക്കായും സംഗീത ആല്‍ബങ്ങള്‍ക്കായും ശ്രീകുമാരന്‍ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്. മുമ്പും നിരവധി പുരസ്കാരങ്ങള്‍ക്കു അദ്ദേഹം അര്‍ഹനായിട്ടുണ്ട്.

കേരളത്തിലെ കലാ-സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി 2000 മുതല്‍ കുവൈറ്റ് കല ട്രസ്റ് തുടക്കമിട്ടതാണ് സാംബശിവന്റെ പേരിലുള്ള ഈ പുരസ്കാരം. ഒഎന്‍വി കുറുപ്പ്, പി. ഗോവിന്ദപ്പിള്ള, പ്രഭാവര്‍മ, കെടാമംഗലം സദാനന്ദന്‍, പി.കെ. മേദിനി എന്നിവര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ക്കാണു മുമ്പു കല ട്രസ്റ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്.

പ്രസ്തുത ചടങ്ങില്‍വച്ച് കുവൈറ്റ് കല ട്രസ്റ് എല്ലാ വര്‍ഷവും നല്‍കിവരുന്ന വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് വിതരണവും നടക്കുന്നതായിരിക്കും. മലയാളം മീഡിയത്തില്‍ പഠിച്ചു ഉന്നത മാര്‍ക്കോടെ പത്താം തരത്തില്‍ വിജയികളാവുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കേരളത്തിലെ ഓരോ ജില്ലയില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 28 കുട്ടികള്‍ക്കാണു വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍