രാജ്യാന്തര വിമാനത്താവളങ്ങളില്‍ പോലീസ് സ്റേഷനുകള്‍ തുടങ്ങും: രമേശ് ചെന്നിത്തല
Saturday, August 8, 2015 7:59 AM IST
തിരുവനന്തപുരം: പ്രവാസികളുടേതടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങളിലും പോലീസ് സ്റേഷനുകള്‍ ആരംഭിക്കാന്‍ സംസ്ഥാനം തയാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനുള്ള സ്ഥലം എയര്‍പോര്‍ട്ട് അഥോറിറ്റി വിട്ടു നല്‍കണം. പ്രവാസി മലയാളി ഫെഡറേഷന്‍ പബ്ളിക് ലൈബ്രററി ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പോലീസിനു വിമാനത്താവളങ്ങളിലുള്ള പരിമിതികള്‍ മറികടക്കുന്നിനാണ് ഈ നീക്കമെന്നു രമേശ് ചെന്നിത്തല വിശദീകരിച്ചു. പ്രവാസികളുടെ കാര്‍ഗോ എത്താന്‍ എടുക്കുന്ന കാലതാമസം അവസാനിപ്പിക്കാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെക്കൊണ്ടു കസ്റംസ് വകുപ്പിനു നിര്‍ദേശം കൊടുപ്പിച്ചു.

സംസ്ഥാനത്തു രൂപവത്കരിക്കാന്‍പോകുന്ന പ്രവാസി കമ്മീഷനില്‍ റിട്ട. ഹൈക്കോടതി ജഡ്ജിയും മറ്റു രണ്ട് അംഗങ്ങളുമായിരിക്കും ഉണ്ടാവുക. പ്രവാസികളുടെ കേരളത്തിലുള്ള വീടും സ്ഥലവും അന്യാധീനപ്പെടുന്നതും നശിക്കുന്നതും തടയുകയാണ് കമ്മീഷന്‍ രൂപവത്കരണത്തിനു പിന്നിലെ ലക്ഷ്യമെന്നു രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പിറന്ന നാടിനെക്കുറിച്ചുള്ള ബോധമാണു പ്രവാസികളെ നാടിനോട് അടുപ്പിക്കുന്ന ബന്ധമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന സിപിഐ ദേശീയ സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പ്രവാസികള്‍ അനുഭവിക്കുന്ന കഷ്ടപ്പാട് ആരും മനസിലാക്കുന്നില്ല. വിദേശ മലയാളികളെക്കൊണ്ടാണു കേരളം ജീവിക്കുന്നതെങ്കിലും അവര്‍ക്ക് തിരിച്ചൊന്നും ചെയ്തുകൊടുക്കുന്നില്ല. പ്രവാസികളോടു കാട്ടുന്ന നന്ദികേട് അവസാനിപ്പിക്കണം. പരിസ്ഥിതി ആഘാത മേഖയില്‍ പദ്ധതിയിടുന്ന ആറന്മുള വിമാനത്താവളം അനുവദിക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങില്‍ പങ്കെടുത്തു. പ്രശസ്ത കവിയത്രിയും നോവലിസ്റുമായിരുന്ന ഗിരിജ സേതുനാഥ് കവിത അവതരിപ്പിച്ചു. പ്രവാസി മലയാളി ഫെഡറേഷന്റെ ചികിത്സാ ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല ആദ്യ സംഭാവന സുരേഷ് ബാബുവിനു നല്‍കി നിര്‍വഹിച്ചു.

ഡോ. ഗോപിനാഥന്‍ നായര്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളായ കെ.കെ. അനസ്, ജോസ് കാനാട്ട്, ബേബി ഇലക്കാട്, ഡോ. സുന്ദരമേനോന്‍, പ്രിന്‍സ് പള്ളിക്കുന്നേല്‍, ജോസ് പനച്ചിക്കല്‍, ജോയി പി. സാമുവല്‍, കെ. ചന്ദ്രസേനന്‍, കോണ്ടത്ത് പദ്മനാഭന്‍, മനോജ് വര്‍ഗീസ്, പ്രദീപ് ജോസഫ്, വി.ദേവദത്തന്‍, ഷൌക്കത്ത് പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.