സ്പെഷല്‍ ഒളിമ്പിക്സ് താരങ്ങള്‍ക്കു സ്വീകരണം നല്‍കി
Friday, August 7, 2015 8:12 AM IST
കൊച്ചി: ജൂലൈ 25 മുതല്‍ ഓഗസ്റ് രണ്ടു വരെ ലോസ്ആഞ്ചലസില്‍ നടന്ന അന്താരാഷ്ട്ര സ്പെഷല്‍ ഒളിമ്പിക്സില്‍ കേരളത്തില്‍നിന്നു പങ്കെടുത്ത 25 കായിക താരങ്ങള്‍ക്കും അഞ്ചു പരിശീലകര്‍ക്കും കൊച്ചിയില്‍ സ്വീകരണം നല്‍കി.

വെള്ളിയാഴ്ച രാവിലെ 8.30ന് എറണാകുളം സൌത്ത് റെയില്‍വേ സ്റേഷനിലെത്തിയ താരങ്ങളെ എക്സൈസ് മന്ത്രി കെ. ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജേതാക്കള്‍ക്ക് ഉചിതമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. സ്പെഷല്‍ ഒളിമ്പിക്സ് കേരള ചെയര്‍മാന്‍ ഡോ. എം.കെ. ജയരാജ്, അസോസിയേഷന്‍ ഫോര്‍ ഇന്റലക്ഷ്വലി ഡിസേബിള്‍ഡ് (എയ്ഡ്) ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍, കൊച്ചി ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ, എയ്ഡ് കേരള വൈസ് ചെയര്‍പേഴ്സണ്‍ സുശീല കുര്യച്ചന്‍ എന്നിവരും സന്നിഹിതരായിരുന്നു.

തുടര്‍ന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ താരങ്ങളെ ചാവറ കള്‍ച്ചറല്‍ സെന്ററിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനം ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. കേരള ടീമിനെ നയിച്ച സ്പെഷല്‍ ഒളിമ്പിക്സ് ഭാരത്, കേരളയുടെ ഏരിയ ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ ഒളിമ്പിക്സ് അനുഭവങ്ങള്‍ പങ്കുവച്ചു.

പരിവാര്‍ കേരള പ്രസിഡന്റ് സൈമണ്‍ ഫിലിപ്പ്, പി.വി. ജോര്‍ജ്, ഡോ. അനിത മേരി, പരിശീലകരായ ദീപു ജോണ്‍, ഷൈല, ജയചന്ദ്രന്‍, ഉഷാകുമാരി, എയഡ് സെക്രട്ടറി സിസ്റര്‍ റെജി എസ്ഐഎസ്, എസ്ഒബി കേരള സെക്രട്ടറി സിസ്റര്‍ റാണി ജോബ് എന്നിവര്‍ പ്രസംഗിച്ചു.

മാതാപിതാക്കളും വിവിധ സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.