എഡ്മണ്ടന്‍ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Friday, August 7, 2015 4:52 AM IST
എഡ്മണ്ടന്‍, കാനഡ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തിലുള്ള കാനഡയിലെ ആദ്യ ദേവാലയമായ എഡ്മണ്ടന്‍ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 25, 26 തീയതികള്‍ ആചരിച്ചു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രവാസി കാര്യങ്ങള്‍ക്കായുള്ള കമ്മീഷന്റെ ചെയര്‍മാനും മധ്യപ്രദേശിലെ ഉജ്ജയിന്‍ രൂപത മെത്രാനുമായ മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ ആയിരുന്നു മുഖ്യാതിഥി.

തിരുനാളിന്റെ ആദ്യദിനം വൈകുന്നേരം ആറിനു താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പിതാവിനെ എതിരേറ്റു. തുടര്‍ന്ന് നിരവധി വിശ്വാസികളുടെ സാന്നിധ്യത്തില്‍ തിരുനാളിനു കൊടിയേറ്റി. പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഇടവക വികാരി ഫാ. ജോണ്‍, ഫാ. സ്റാന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദേവാലയ തിരുക്കര്‍മങ്ങള്‍ക്കുശേഷം ഇടവകയില്‍ പുതിയ ദേവാലയം നിര്‍മിക്കുന്നതിനുള്ള ഫണ്ടിന്റെ ധനശേഖരണം പൊതുയോഗത്തില്‍ നടത്തുകയും ഓരോ കുടുംബവും 3000 ഡോളര്‍ വീതം ദേവാലയ നിര്‍മാണ ഫണ്ടിലേക്കു സംഭാവന ചെയ്യണമെന്ന തീരുമാനവും ഉണ്ടായി.

തിരുനാള്‍ ദിനം ഞായറാഴ്ച വൈകുന്നേരം നാലിനു നടന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോര്‍ജ്, ഫാ. വര്‍ഗീസ്, ഫാ. പാട്രിക്, ഫാ. സ്റാന്‍, ഫാ. ജോണ്‍ കുടിയിരുപ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ജോസഫ്, ഫാ. ജോബി ഫാ. റെജി എന്നിവരുടെ സാന്നിധ്യവും വലിയ പ്രോത്സാഹനമായി.

പ്രദക്ഷിണത്തിനുശേഷം കഴുന്ന് എഴുന്നള്ളിക്കുന്നതിനും, തിരുസ്വരൂപം ദര്‍ശിക്കുന്നതിനുമുള്ള സൌകര്യങ്ങള്‍ ദേവാലയത്തിനു പുറത്ത് ഒരുക്കിയിരുന്നു. ദേവാലയ കര്‍മങ്ങള്‍ക്കുശേഷം കലാപരിപാടികള്‍ക്കായി ഒത്തുചേര്‍ന്ന വിശ്വാസികള്‍ക്കു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവചരിത്രവും വിശുദ്ധയോടുള്ള വണക്കവും പ്രതിപാദിക്കുന്ന മനോഹരമായ സ്കിറ്റ് നയനമനോഹരമായ ദൃശ്യാവിഷ്കാരമായി. തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ ചരിത്രവും അരാധനാക്രമവും സമകാലീന പ്രവര്‍ത്തനങ്ങളും വിശദമായി പ്രതിപാദിക്കുന്ന കേരള കത്തോലിക്ക മെത്രാന്‍ സമിതി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പിന്നീട് വിവിധ കമ്മിറ്റികള്‍ നേതൃത്വം നല്‍കിയ സ്നേഹവിരുന്നോടെ തിരുനാള്‍ സമംഗളം പൂര്‍ത്തിയായി.

അലങ്കാരങ്ങള്‍കൊണ്ട് ദേവാലയവും പരിസരവും മനോഹരമാക്കിയിരുന്നു. കുര്യനും സംഘവുമാണ് അലങ്കാരത്തിനു നേതൃത്വം നല്‍കിയത്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്കിറ്റ് ഒരുക്കിയത് ആന്റണി കുരിശിങ്കലാണ്. സുനില്‍ പപ്പു, ജോണ്‍ കുര്യന്‍ എന്നിവര്‍ ചെണ്ടമേളത്തിനു നേതൃത്വം നല്‍കി. 27 പ്രസുദേന്തിമാരാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. അവരോടൊപ്പം വിവിധ കമ്മിറ്റികളും ട്രസ്റിമാരും, ഗായകസംഘവും മാതൃജ്യോതിയും അള്‍ത്താര ശുശ്രൂഷകരും നിരവധി ദിവസങ്ങളായി നടത്തിയ കൂട്ടായ പരിശ്രമത്തിന്റേയും വികാരി ഫാ. ജോണ്‍ കുടിയിരുപ്പിന്റെ പ്രോത്സാഹനത്തിന്റെയും സന്തോഷകരമായ പര്യവസാനമായിരുന്നു ഇടവകയ്ക്കാകെ ഉന്മേഷം പകര്‍ന്ന വി. അല്‍ഫോന്‍സാമ്മയുടെ ഇടവക തിരുനാള്‍. വര്‍ക്കി കളപ്പുരയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം