സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു
Wednesday, August 5, 2015 6:41 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെയും വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെയും പ്രാരംഭമായി ഓഗസ്റ് രണ്ടിന് (ഞായര്‍) വിശുദ്ധ കുര്‍ബാനാന്തരം വികാരി ഫാ. പോള്‍ തോട്ടക്കാട് കൊടി ഉയര്‍ത്തിയതോടെ തുടക്കം കുറിച്ചു.

ഓഗസ്റ് ഏഴ്, എട്ട് (വെളളി, ശനി) ദിവസങ്ങളിലായി നടത്തുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ നേതൃത്വം വഹിക്കും. ഭദ്രാസനാധിപന്‍ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത, അയൂബ് മാര്‍ സില്‍വാനോസ്, മാത്യൂസ് മാര്‍ അന്തീമോസ്, ബിഷപ് മോറീസ് അംഷി തുടങ്ങിയ പിതാക്കന്മാരും വൈദിക ശ്രേഷ്ഠരും മറ്റു പ്രമുഖ വ്യക്തികളും ഈ മംഗള മുഹൂര്‍ത്തത്തിനു സാന്നിധ്യമേകും.

ആകമാന സുറിയാനി സഭയുടെ പരമോന്നത അധ്യക്ഷപദവിയിലെത്തിയശേഷം ആദ്യമായി ഡാളസില്‍ എത്തിയ പരിശുദ്ധ പിതാവിനോടുളള ബഹുമാനാര്‍ഥം 'ഡാളസ് പാഠസ്' മാര്‍ഷല്‍ ലെയിന്‍, കരോള്‍ട്ടനില്‍ നടത്തുന്ന ബാങ്ക്വറ്റ് ഡിന്നറിന് ഇടവകയിലെയും സമീപ ഇടവകയിലെയും വൈദികരും നൂറു കണക്കിനു വിശ്വാസികളും പങ്കു ചേരും.

ഏഴിനു (വെളളി) വൈകുന്നേരം എത്തിച്ചേരുന്ന പരിശുദ്ധ ബാവയെ മെത്രാപ്പോലീത്താമാര്‍, കോര്‍ എപ്പിസ്കോപ്പമാര്‍, വൈദികശ്രേഷ്ഠര്‍, ശെമ്മാശന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെണ്ട വാദ്യമേളങ്ങളുടെ താളക്കൊഴുപ്പോടെ കൊടി, വര്‍ണക്കുട, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ കേരളീയ തനിമ വിളിച്ചറിയിക്കുന്ന വസ്ത്ര ധാരണവുമായി അടക്കും ചിട്ടയുമായി വിശ്വാസികള്‍ അണി നിരന്നുകൊണ്ട് സ്വീകരിച്ചാനയിക്കും.

എട്ടിനു (ശനി) പരിശുദ്ധ പിതാവിന്റെ പ്രധാന കാര്‍മികത്വത്തിലും മെത്രാപ്പോലീത്തമാര്‍, വൈദികര്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ ബലി അര്‍പ്പിക്കും.

ഓഗസ്റ് 15നു (ശനി) വൈകുന്നേരം പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്നു വചന പ്രഘോഷണവും നടക്കും.

16നു (ഞായര്‍) 8.30നു പ്രഭാത പ്രാര്‍ഥന, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, ഭക്തി നിര്‍ഭരമായ റാസ എന്നിവ നടക്കും. 12.30നു സ്നേഹ വിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു സമാപനമാകും.

സെന്റ് മേരീസ് പളളിയുടെ ചരിത്രത്തിന്റെ ഏഡുകളില്‍ ഒരു പുത്തന്‍ അധ്യായത്തിനു തുടക്കം കുറിക്കുന്ന ഈ ധന്യ മുഹൂര്‍ത്തങ്ങള്‍ വന്‍വിജയമാക്കി തീര്‍ക്കുന്നതിന് വികാരി ഫാ. പോള്‍ തോട്ടക്കാട്, അലക്സ് ജോര്‍ജ് (കോഓര്‍ഡിനേറ്റര്‍), ജേക്കബ് സ്കറിയ (സെക്രട്ടറി), യല്‍ദൊ ജേക്കബ്(ട്രസ്റി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍