ഫ്രണ്ട്സ് ഓഫ് കിഡ്സ് പഠന സഹായ വിതരണം പുനനിര്‍ണയിച്ചു
Monday, August 3, 2015 7:35 AM IST
എറണാകുളം: എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കിഡ്സ് സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന കുട്ടികള്‍ക്ക് നല്‍കിവരുന്ന സഹായ പദ്ധതി പുനനിര്‍ണയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളിലേതില്‍നിന്നു വിഭിന്നമായ രീതിയില്‍ 15 കുട്ടികള്‍ക്ക് നല്‍കിവന്നിരുന്ന ധനസഹായ പദ്ധതി ഈ അധ്യയന വര്‍ഷം മുതല്‍ 20 കുട്ടികള്‍ക്കു നല്‍കാന്‍ തീരുമാനിച്ചു. അമേരിക്ക, സിംഗപ്പൂര്‍, യുഎഇ, കാനഡ എന്നിവിടങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന കളിക്കൂട്ടുകാര്‍ മൂന്നര പതിറ്റാണ്ടുകള്‍ക്കുശേഷം സോഷ്യല്‍ മീഡിയയിലൂടെ ആണു വീണ്ടും ഒത്തു ചേരുന്നത്. തുടക്കത്തില്‍ 10 കുട്ടികളുടെ പഠന ചെലവ് വഹിച്ചുകൊണ്ട് തുടങ്ങിയ പദ്ധതി 12 ആയും 15 ആയും പിന്നീടു ഇപ്പോള്‍ 20 എന്ന ക്രമത്തിലും വന്നെത്തിയിരിക്കുകയാണ്. പ്രതിമാസം നല്‍കിവരുന്ന പഠന സഹായം കൂടാതെ സ്കൂള്‍ വര്‍ഷാരംഭം, പിറന്നാള്‍, ഓണം എന്നീ വിശേഷദിവസങ്ങളിലും സാമാനങ്ങള്‍ നല്‍കി വരുന്നു.

ആമ്പല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് യുപി സ്കൂളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കള്‍ നഷ്ടപ്പെട്ട നിരാലംബരായ കുട്ടികള്‍ക്കു സ്കൂള്‍ മേധാവിയെക്കൂടാതെ മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റിയുടെ വിശദമായ വിലയിരുത്തലുകള്‍ക്കുശേഷമാണു സഹായധനം നല്‍കുക.

ഒന്നു മുതല്‍ ഏഴു വരെ ഡിവിഷനുകള്‍ ഉള്ള സ്കൂളിലെ പഠന കാലയളവില്‍ കുട്ടി സഹായധനത്തിന് അര്‍ഹരായിരിക്കും. തുടര്‍ന്നു ഹൈസ്കൂള്‍ തലത്തിലേക്കുള്ള ധനസഹായം കുട്ടിയുടെ പഠന നിലവാരത്തെ കൂടി അടിസ്ഥാനമാക്കി ആണു നിര്‍ണയിച്ചിരിക്കുന്നത്. പേര് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഈ കളികൂട്ടുകാരുടെ സമിതിയില്‍ അംഗമായി ചേരുവാന്‍ താത്പര്യമുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ സ്കൂള്‍ ഹെഡുമായി ബന്ധപ്പെടേണ്ടാതാണ്. അജ്ഞതയുടെ ലോകത്തുനിന്നും അക്ഷരലോകത്തേക്കും അറിവിന്റെ വഴിയിലേക്കും കൂട്ടിക്കൊണ്ടുപോയ പാഠശാലക്കും നമ്മുടെ ഗുരുക്കന്മാര്‍ക്കും നല്‍കുന്ന ദക്ഷിണ ആയി ഇതിനെ കണക്കാക്കാം.