മാര്‍ക്ക് സെമിനാര്‍ മികച്ചതായി
Monday, August 3, 2015 5:18 AM IST
ഷിക്കാഗോ: ജൂലൈ 25-നു ശനിയാഴ്ച സ്കോക്കിയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടത്തപ്പെട്ട മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ വിദ്യാഭ്യാസ സെമിനാര്‍ ഉന്നത നിലവാരം പുലര്‍ത്തി. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ അറിവു പുതുക്കുകയെന്ന ലക്ഷ്യത്തിനായി നടത്തപ്പെട്ട സെമിനാറില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ നിര്‍ണ്ണയത്തിലും ചികിത്സയിലും കൈവരിച്ചിട്ടുള്ള സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനില്‍ ഏറെ അറിവും അനേക വര്‍ഷത്തെ ടീച്ചിംഗ് അനുഭവവുമുള്ള ചെറിയാന്‍ പൈലി, നാന്‍സി മാര്‍ഷല്‍, സിമി ജെസ്റോ ജോസഫ്, ഡാനിയന്‍ മസോളിനി എന്നിവര്‍ നല്‍കിയ ക്ളാസുകള്‍ അവതരണത്തിലും വിഷയങ്ങളുടെ ഉള്ളടക്കത്തിലും മികവുറ്റതായി. സെമിനാറില്‍ പങ്കെടുത്ത 85 റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ പ്രശംസ അവര്‍ ഏറ്റുവാങ്ങുകയും ചെയ്തു. പ്രൊഫഷണലുകളുടെ ലൈസന്‍സ് പുതുക്കുന്നതിനാവശ്യമായ 6 സി.ഇ.യു സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ചു.

മാര്‍ക്ക് പ്രസിഡന്റ് സ്കറിയാക്കുട്ടി തോമസ് സെമിനാറില്‍ സ്വാഗതം ആശംസിക്കുകയും, വിജയന്‍ വിന്‍സെന്റ്, ജയിംസ് ജോണ്‍ എന്നിവര്‍ക്കൊപ്പം പ്രഭാഷകരെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു. ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍, സമയാ ജോര്‍ജ്, റന്‍ജി വര്‍ഗീസ് എന്നിവര്‍ രജിസ്ട്രേഷന്റെ ചുമതല വഹിച്ചു. എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്സായ റജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ് എന്നിവര്‍ക്കൊപ്പം ജോമോന്‍ മാത്യു, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍, ജോര്‍ജ് ഒറ്റപ്ളാക്കില്‍ എന്നിവര്‍ സെമിനാര്‍ നടത്തിപ്പിന് നേതൃത്വം നല്‍കി. സെക്രട്ടറി വിജയന്‍ വിന്‍സെന്റ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം