ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിനു കൊടിയിറങ്ങി
Monday, August 3, 2015 5:15 AM IST
ലോസ്ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ജൂലൈ 17-ന് ആരംഭിച്ച തിരുനാളിനു ജൂലൈ 28-നു പരിസമാപ്തി. ജൂലൈ 17-നു ബിഷപ്പ് സൈമണ്‍ കൈപ്പുറം (ബാലേശ്വര്‍രൂപത, ഒറീസ) ആണു കൊടിയേറ്റിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. കുര്‍ബാനയും നവനാള്‍ നൊവേനയും ഇടവക ജനങ്ങള്‍ക്കു പ്രത്യേകം അനുഗ്രഹപ്രദമായിത്തീര്‍ന്നു.

അഭിവന്ദ്യ ബിഷപ്പ് സൈമണ്‍ കൈപ്പുറം, റവ.ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍, റവ.ഫാ. പോള്‍ തോമസ്, റവ.ഫാ. കുര്യാക്കോസ് മാമ്പ്രക്കാട്ട്, റവ.ഫാ. സിജു മുടക്കോടില്‍, റവ.ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, റവ.ഫാ. ഡെന്നി ജോസഫ്, റവ.ഫാ. സോണി സെബാസ്റ്യന്‍, റവ.ഫാ. പോള്‍ ചാലിശേരി, റവ.ഫാ. ഷിന്റോ സെബാസ്റ്യന്‍, റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നീ വൈദീകര്‍ തിരുനാളിന്റെ വിവിധ ദിവസങ്ങളില്‍ വി. കുര്‍ബാനയും നൊവേനയും അര്‍പ്പിക്കുകയുണ്ടായി. ജൂലൈ 21-ന് ലത്തീന്‍ റീത്തിലും, ജൂലൈ 22-ന് മലങ്കര റീത്തിലുമാണ് വി. കുര്‍ബാന അര്‍പ്പിക്കപ്പെട്ടത്.

പ്രധാന തിരുനാളിന്റെ ഒന്നാം ദിവസം റവ.ഫാ. ഡെന്നി ജോസഫ് ആയിരുന്നു ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. വി. കുര്‍ബാനയെ തുടര്‍ന്നു സ്നേഹവിരുന്നും ഇടവകയിലെ കുട്ടികളുടെ കലാസന്ധ്യയും തിരുനാളിന് പ്രത്യേകം നിറവേകി. ഇടവകാംഗങ്ങള്‍ ചേര്‍ന്ന് തയാറാക്കിയ ഷോര്‍ട്ട് ഫിലിം 'ഒപ്പം' തുടര്‍ന്ന് പ്രദര്‍ശിപ്പിക്കുകയുണ്ടായി. പ്രധാന തിരുനാളിന്റെ രണ്ടാം ദിനമായ ജൂലൈ 26-ന് ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം, അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണക്കം എന്നിവയ്ക്ക് കാര്‍മികത്വം വഹിച്ചത് ചിക്കാഗോ രൂപതയുടെ പ്രൊക്യുറേറ്റര്‍ റവ.ഫാ. പോള്‍ ചാലിശേരി ആയിരുന്നു. ജോണി ചൂണ്ടക്കാരന്‍, ബെറ്റ്സി കൈതത്തറ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ കൂടുതല്‍ ഭക്തിനിര്‍ഭരമാക്കുവാന്‍ സഹായിച്ചു.

ജൂലൈ 27-നു ഇടവകയിലെ മരിച്ചവര്‍ക്കുവേണ്ടി വി. കുര്‍ബാന അര്‍പ്പിക്കുകയുണ്ടായി. തന്റെ തനത് വിധിക്കും, അന്ത്യവിധിക്കും വേണ്ടി ഒരാള്‍ ജിവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുങ്ങണമെന്ന് അന്ന് വി. കുര്‍ബാന അര്‍പ്പിച്ച റവ.ഫാ. ഷിന്റോ സെബാസ്റ്യന്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

ജൂലൈ 28-നു ആഘോഷമായ കുര്‍ബാനയ്ക്കും, നൊവേനയ്ക്കും ശേഷം 2015-ലെ തിരുനാളിനു കൊടിയിറങ്ങുകയും, 2016-ലെ പ്രസുദേന്തിമാരായ മറിയം ത്രേസ്യാ ഫാമിലി യൂണീറ്റിലെ അംഗങ്ങളെ വാഴിക്കുകയും ചെയ്തു. സാന്റാ അന്ന സെന്റ് തോമസ് ഫൊറോനാ വികാരി റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയായിരുന്നു അന്നത്തെ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. പ്രീത പുതിയകുന്നേല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം